യാംബു: രാജ്യത്ത് പൊതുവേ മാന്ദ്യത്തിലായിരുന്ന റിയൽ എസ്റ്റേറ്റ് മേഖല ഈ വർഷം ആദ്യപാദത്തിൽ പുരോഗതിയിലെന്ന് റിപ്പോർട്ട്. ജനറൽ അതോറിറ്റി ഫോർ സ്റ്റാറ്റിസ്റ്റിക്സിൻറെ റിപ്പോർട്ട് പ്രകാരം റിയൽ എസ്റ്റേറ്റ് വിലസൂചികയിൽ കഴിഞ്ഞ വർഷം ഇതേ കാലയളവിനെ അപേക്ഷിച്ച് 0.4 ശതമാനം വർധന രേഖപ്പെടുത്തി.
റസിഡൻഷ്യൽ റിയൽ എസ്റ്റേറ്റ് വിലയിൽ 1.5 ശതമാനം വർധിച്ചതിൻറെ ഫലമായാണ് ഇതെന്ന് അതോറിറ്റി വ്യക്തമാക്കി. വാണിജ്യ റിയൽ എസ്റ്റേറ്റ് വിലയിൽ 1.7 ശതമാനം കുറവുണ്ടായി. പാർപ്പിട മേഖലയുടെ വിലയിലെ 1.5 ശതമാനം വർധനവിന് കാരണം റസിഡൻഷ്യൽ പ്ലോട്ടുകളുടെ വിലയിലെ 1.8 ശതമാനം വർധനയാണെന്ന് റിപ്പോർട്ടിൽ രേഖപ്പെടുത്തി. ഈ വർധന പൊതുസൂചികയിലെ ഉയർച്ചയിൽ കാര്യമായ സ്വാധീനം ചെലുത്തി.
വില്ലകളുടെ വിലയിൽ 7.4 ശതമാനവും അപ്പാർട്ട്മെൻറുകൾ 3.4 ശതമാനവും വീടുകൾ 1.2 ശതമാനവും വളർച്ച കുറഞ്ഞു. അതേസമയം കെട്ടിടങ്ങളുടെയും വാണിജ്യ കേന്ദ്രങ്ങളുടെയും വില സ്ഥിരമായിരുന്നു. റിയൽ എസ്റ്റേറ്റ് മേഖലയിൽ സൗദിവത്കരണം പൂർണമായും നടപ്പാക്കാനുള്ള ശ്രമത്തിലാണ് റിയൽ എസ്റ്റേറ്റ് ജനറൽ അതോറിറ്റി.