ശ്രീനഗർ: ജമ്മു കാഷ്മീരിൽ വീണ്ടും ഭീകരരും സുരക്ഷാസേനയും തമ്മിൽ ഏറ്റുമുട്ടൽ. രണ്ട് ജയ്ഷ്-ഇ-മുഹമ്മദ് ഭീകരരെ സൈന്യം വധിച്ചു. ജമ്മു കാഷ്മീരിലെ മിർഹാമയിലാണ് ഏറ്റുമുട്ടലുണ്ടായത്. പ്രദേശത്ത് ഏറ്റുമുട്ടൽ ഇപ്പോഴും തുടരുകയാണ്.
പ്രധാനമന്ത്രി നരേന്ദ്ര മോദി ഞായറാഴ്ച കാഷ്മീർ സന്ദർശിക്കാനിരിക്കെയാണ് ഏറ്റുമുട്ടലുണ്ടായിരിക്കുന്നത്. പ്രധാനമന്ത്രി സന്ദർശിക്കുന്ന പല്ലി ഗ്രാമത്തിൽ നിന്ന് ഇരുപത് കിലോമീറ്റർ അകലെ സിഐഎസ്എഫ് ബസിന് നേരെ ഇന്നലെ ആക്രമണം നടന്നിരുന്നു. രണ്ട് ചാവേറുകൾ ഉൾപ്പടെ ആറു ഭീകരരെ സൈന്യം ഇന്നലെ വധിച്ചു. ഇവിടെ മുതിർന്ന ഉദ്യോഗസ്ഥരെത്തി സുരക്ഷ വിലയിരുത്തി.
പഞ്ചായത്തി രാജ് ദിനത്തിൽ പഞ്ചായത്ത് അംഗങ്ങളെ പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ ഇവിടെ അഭിസംബോധന ചെയ്യും. ബനിഹാൾ ഖാസികുണ്ട് തുരങ്കം ഉൾപ്പടെ നിരവധി അടിസ്ഥാന സൗകര്യ വികസന പദ്ധതികളുടെ ഉദ്ഘാടനവും പ്രധാനമന്ത്രിയുടെ സന്ദർശനവേളയിൽ നടക്കും.
















