മുംബൈ: ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെ എട്ടു റണ്‍സിന് തകര്‍ത്ത് ഗുജറാത്ത് ടൈറ്റന്‍സ്. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഗുജറാത്ത് ഉയര്‍ത്തിയ 157 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന കൊല്‍ക്കത്തയ്ക്ക് എട്ടു വിക്കറ്റ് നഷ്ടത്തില്‍ 148 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ.
ഈ വിജയത്തോടെ രാജസ്ഥാൻ റോയൽസിനെ പിന്തള്ളി ഗുജറാത്ത് പോയിന്റ് പട്ടികയിൽ വീണ്ടും ഒന്നാമതെത്തി. ഏഴു മത്സരങ്ങളിൽനിന്ന് ആറു ജയം സഹിതം 12 പോയിന്റാണ് ഗുജറാത്തിന്റെ സമ്പാദ്യം. സീസണിലെ അഞ്ചാം തോൽവി വഴങ്ങിയ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ആറു പോയിന്റുമായി ഏഴാം സ്ഥാനത്തു തുടരുന്നു.
157 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റെടുത്ത കൊല്‍ക്കത്ത ഒരു ഘട്ടത്തില്‍ 6.1 ഓവറില്‍ നാലിന് 34 എന്ന നിലയില്‍ തകര്‍ന്നിരുന്നു. സാം ബില്ലിങ്സ് (4), സുനില്‍ നരെയ്ന് (5), നിതീഷ റാണ (2), ക്യാപ്റ്റന്‍ ശ്രേയസ് അയ്യര്‍ (12) എന്നിവര്‍ ആദ്യ ഏഴ് ഓവറിനുള്ളില്‍ തന്നെ ഡഗ്ഔട്ടില്‍ തിരിച്ചെത്തി.
തുടര്‍ന്ന് റിങ്കു സിങ്, ആന്ദ്രേ റസ്സല്‍ എന്നിവരുടെ ഇന്നിങ്സുകളാണ് കൊല്‍ക്കത്തയെ വിജയത്തിനടുത്ത് വരെയെത്തിച്ചത്. 28 പന്തുകള്‍ നേരിട്ട റിങ്കു സിങ് ഒരു സിക്സും നാല് ഫോറുമടക്കം 35 റണ്‍സെടുത്തു. 25 പന്തില്‍ നിന്ന് ആറ് സിക്സും ഒരു ഫോറുമടക്കം 48 റണ്‍സെടുത്ത റസ്സലിന്റെ വിക്കറ്റാണ് മത്സരം ടൈറ്റന്‍സിന് അനുകൂലമാക്കിയത്. അവസാന ഓവറില്‍ ജയിക്കാന്‍ 18 റണ്‍സ് വേണമെന്നിരിക്കേ റസ്സലിനെ ലോക്കി ഫെര്‍ഗൂസന്റെ കൈയിലെത്തിച്ച അല്‍സാരി ജോസഫ് ടൈറ്റന്‍സിന് ജയം സമ്മാനിക്കുകയായിരുന്നു.
കൊല്‍ക്കത്തയ്ക്കായി മുഹമ്മദ് ഷമി, യാഷ് ദയാല്‍, റാഷിദ് ഖാന് എന്നിവര്‍ രണ്ടു വിക്കറ്റ് വീതം വീഴ്ത്തി.
നേരത്തെ, ടോസ് നേടി ബാറ്റിങ്ങിന് ഇറങ്ങിയ ഗുജറാത്ത് നിശ്ചിത 20 ഓവറിൽ ഒൻപതു വിക്കറ്റ് നഷ്ടത്തിലാണ് 156 റൺസെടുത്തത്. കളത്തിലിറങ്ങിയ തുടർച്ചയായ മൂന്നാം മത്സരത്തിലും അർധസെഞ്ചുറി നേടിയ ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യയാണ് ഗുജറാത്തിന് പൊരുതാവുന്ന സ്കോർ സമ്മാനിച്ചത്. പാണ്ഡ്യ 49 പന്തിൽ നാലു ഫോറും രണ്ടു സിക്സും സഹിതം 67 റൺസെടുത്ത് പുറത്തായി.
അതേസമയം, അവസാന ഓവറുകളിൽ ഗുജറാത്തിന് റൺനിരക്ക് ഉയർത്താനാകാതെ പോയത് തിരിച്ചടിയായി. അവസാന അഞ്ച് ഓവറിൽ 29 റൺസ് മാത്രം നേടിയ ഗുജറാത്ത്, ഏഴു വിക്കറ്റും നഷ്ടമാക്കി. ആന്ദ്രെ റസ്സൽ എറിഞ്ഞ അവസാന ഓവറിൽ മാത്രം നാലു വിക്കറ്റാണ് ഗുജറാത്ത് നഷ്ടമാക്കിയത്.
ടിം സൗത്തി നാല് ഓവറിൽ 24 റൺസ് മാത്രം വഴങ്ങി മൂന്നു വിക്കറ്റ് വീഴ്ത്തി. ഉമേഷ് യാദവ് നാല് ഓവറിൽ 31 റൺസ് വഴങ്ങിയും ശിവം മാവി നാല് ഓവറിൽ 36 റൺസ് വഴങ്ങിയും ഒരു വിക്കറ്റെടുത്തു.