മുംബൈയിലെ കൽബാദേവിയിലുള്ള ബുള്ളിയൻ വ്യാപാരിയുടെ ഓഫീസിൽ നിന്നും തറയിലും ഭിത്തിയിലും രഹസ്യ അറകളിൽ സൂക്ഷിച്ച കണക്കിൽ പെടാത്ത 9.8 കോടി രൂപയും 13 ലക്ഷം രൂപ വിലമതിക്കുന്ന 19 കിലോ സിൽവർ ബ്രിക്‌സുകളും ജിഎസ്ടി, ആദായ നികുതി അന്വേഷണ വിഭാഗം കണ്ടെടുത്തു.35 സ്ക്വയർ ഫീറ്റ് ചതുരശ്ര അടിയാണ് ഓഫീസ്. വഞ്ചനാപരമായ ഇൻപുട്ട് ടാക്സ് ക്രെഡിറ്റ് ക്ലെയിമുകളിലും ഹവാല ഇടപാടുകളിലും ചാമുണ്ഡ ബുള്ളിയന്റെ പങ്കാളിത്തമുള്ളതായും ഉദ്യോഗസ്ഥർ സംശയിക്കുന്നു.
കമ്പനികളുടെ ഇടപാടുകളിൽ സംസ്ഥാന ജിഎസ്ടി ഉദ്യോഗസ്ഥർ അടുത്തിടെ നടത്തിയ പരിശോധനയിൽ, ചാമുണ്ഡ ബുള്ളിയന്റെ വിറ്റുവരവ് കഴിഞ്ഞ മൂന്ന് സാമ്പത്തിക വർഷങ്ങളിലായി 23 ലക്ഷം രൂപയിൽ നിന്ന് 1,764 കോടി രൂപയായി കുതിച്ചുയർന്നിട്ടുണ്ട് . സംശയത്തെ തുടർന്ന് ബുധനാഴ്ച കൽബാദേവി ഓഫീസ് ഉൾപ്പെടെ കമ്പനിയുടെ മൂന്ന് സ്ഥാപനങ്ങളിൽ റെയ്ഡ് നടത്തി. തുടക്കത്തിൽ, 35 ചതുരശ്ര അടി സ്ഥലത്ത് ഒന്നും കണ്ടെത്താൻ കഴിഞ്ഞില്ല . തുടർന്ന് നടത്തിയ വിശദമായ തിരച്ചിലിൽ മുറിയുടെ അറ്റത്തെ തറയിൽ ഒരു തകരാർ കണ്ടെത്തുകയും ഒരു സ്ക്രൂഡ്രൈവർ ഉപയോഗിച്ച് തുറന്ന് നോക്കുകയും ചെയ്തു, ഇതോടെ തറയ്ക്ക് താഴെയുള്ള ഒരു അറയിൽ പണം നിറച്ച ബാഗുകൾ കണ്ടെത്തി.
ബുള്ളിയൻ കമ്പനിയുടെ ഓഫീസ് ഉടമയും കുടുംബാംഗങ്ങളും പണത്തെക്കുറിച്ചും സിൽവർ ബ്രിക്‌സുകളെ കുറിച്ചും അറിയില്ലെന്ന് വെളിപ്പെടുത്തിയതിനാൽ, സ്ഥലം സംസ്ഥാന ജിഎസ്ടി വകുപ്പ് സീൽ ചെയ്യുകയും പിടിച്ചെടുത്തതിന്റെ വസ്തുതകൾ ഐ-ടി വകുപ്പിനെ അറിയിക്കുകയും ചെയ്തു. കൂടുതൽ പരിശോധനയിൽ ഒരു ചുവരിൽ പണത്തിന്റെ ബാഗുകൾ നിറച്ച കാബിനറ്റും കണ്ടെത്തി .
ആറു മണിക്കൂറിലേറെ എടുത്താണ് ഐടി ഉദ്യോഗസ്ഥർ പണം എണ്ണി തീർത്തത്. കണക്കിൽപ്പെടാത്ത പണവും സിൽവർ ബ്രിക്‌സുകളും ആദായനികുതി നിയമപ്രകാരം പിടിച്ചെടുത്തതായിട്ടാണ് റിപോർട്ടുകൾ . പണത്തിന്റെയും വിലപിടിപ്പുള്ള വസ്തുക്കളുടെയും ഉറവിടം ഐടി വകുപ്പ് അന്വേഷിക്കും, ഇത് സംബന്ധിച്ച അന്വേഷണം സംസ്ഥാന നികുതി ജോയിന്റ് കമ്മീഷണർ രാഹുൽ ദ്വിവേദിയുടെ മേൽനോട്ടത്തിൽ സംസ്ഥാന ജിഎസ്ടി കൈകാര്യം ചെയ്യും.
















