മുംബൈ: ധോനിയുടെ ത്രില്ലടിപ്പിക്കുന്ന ഫിനിഷിങ് മികവ് ഒരിക്കൽ കൂടി കണ്ടതിന്റെ ആവേശത്തിലാണ് ആരാധകർ. അവസാന പന്തിൽ ബൗണ്ടറി നേടി ടീമിനെ ജയത്തിലേക്ക് എത്തിച്ചതിനൊപ്പം പൊള്ളാർഡിന്റെ വിക്കറ്റ് വീഴ്ത്തിയ ധോനിയുടെ അൺഓർത്തഡോക്സ് ഫീൽഡ് സെറ്റുമാണ് ആരാധകർക്കിടയിൽ ഇപ്പോൾ ചർച്ചയാവുന്നത്.
9 പന്തിൽ നിന്ന് ഒരു ഫോറും ഒരു സിക്സും പറത്തി മുംബൈയുടെ സ്കോറിങ്ങിന്റെ വേഗം കൂട്ടുന്നതിന് ഇടയിലാണ് പൊള്ളാർഡിന്റെ വിക്കറ്റ് വീണത്. മഹീഷ് തീക്ഷ്ണയുടെ ഡെലിവറിയിൽ പൊള്ളാർഡ് ദുബെയ്ക്ക് ക്യാച്ച് നൽകിയാണ് മടങ്ങിയത്.
17ാം ഓവറിൽ പൊള്ളാർഡിന്റെ സ്ട്രെയ്റ്റ് ഹിറ്റ് പ്രതീക്ഷിച്ച് ലോങ് ഓണിന് സമീപം ധോനി ദുബെയെ നിർത്തുകയായിരുന്നു. പൊള്ളാർഡിന്റെ വിക്കറ്റ് അവിടെ വീണതോടെ മുംബൈയുടെ ടോട്ടൽ സ്കോറിൽ 20 റൺസോളം കുറവ് വന്നെന്ന് വ്യക്തം. മുംബൈയെ 155 റൺസിൽ ഒതുക്കാൻ ചെന്നൈക്ക് ഇതിലൂടെ കഴിഞ്ഞു.
ബാറ്റിങ്ങിൽ 13 പന്തിൽ നിന്നാണ് ധോനി 28 റൺസ് അടിച്ചെടുത്തത്. അവസാന ഓവറിൽ 16 റൺസ് ആണ് ചെന്നൈക്ക് ജയിക്കാനായി വേണ്ടിയിരുന്നത്. എന്നാൽ അവസാന ഓവറിലെ ആദ്യത്തെ പന്തിൽ തന്നെ പ്രെടോറിയസിനെ ഉനദ്കട്ട് വീഴ്ത്തി. രണ്ടാമത്തെ ഡെലിവറിയിൽ മിഡ് വിക്കറ്റിലേക്ക് കളിച്ച് ബ്രാവോ ധോനിക്ക് സ്ട്രൈക്ക് നൽകി.
മൂന്നാമത്തെ ഡെലിവറിയിൽ ലോങ് ഓഫീന് മുകളിലൂടെ ധോനിയുടെ സിക്സ്. രണ്ടാമത്തെ പന്തിൽ ഫൈൻ ലെഗ്ഗിലൂടെ ബൗണ്ടറി. അഞ്ചാമത്തെ പന്തിൽ രണ്ട് റൺസ് ഓടി എടുത്തതോടെ അവസാന പന്തിൽ ജയിക്കാൻ ബൗണ്ടറി വേണം എന്ന നിലയിലായി ചെന്നൈ. ഉനദ്കട്ടിന്റെ ഫുൾ ടോസ് ഡെലിവറിയിൽ ബാറ്റ് സ്വിങ് ചെയ്യിച്ച് ധോനി ബാക്ക് വേർഡ് സ്ക്വയർ ലെഗിലൂടെ ബൗണ്ടറി നേടി. ചെന്നൈക്ക് മൂന്ന് വിക്കറ്റ് ജയം.