മുംബൈ: ഐപിഎല്ലില്‍ എം എസ് ധോണിയുടെ(MS Dhoni) ഫിനിഷിംഗ് മികവില്‍ മുംബൈ ഇന്ത്യന്‍സിനെ മൂന്ന് വിക്കറ്റിന് തകര്‍ത്ത് ചെന്നൈ സൂപ്പര്‍ കിംഗ്സ്. അവസാന പന്തിൽ വിജയത്തിലേക്ക് നാല് റൺസ് വേണ്ടിയിരുന്നപ്പോൾ ഫോർ അടിച്ച് എം.എസ്.ധോണി ‘ഫിനിഷ്’ ചെയ്യുകയായിരുന്നു.
156 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ ചെന്നൈ, 20 ഓവറിൽ ഏഴു വിക്കറ്റ് നഷ്ടത്തിലാണ് ലക്ഷ്യം കണ്ടത്. ജയത്തോടെ ചെന്നൈയ്ക്ക് നാല് പോയിന്റായി.
ഓപ്പണര്‍ റുതുരാജ് ഗെയ്ക്വാദിനെ ആദ്യ പന്തില്‍ തന്നെ ഡാനിയേല്‍ സാംസ് മടക്കിയതിന്റെ ഞെട്ടലിലാണ് ചെന്നൈ റണ്‍വേട്ട തുടങ്ങിയത്. റോഹിന് ഉത്തപ്പയും(25 പന്തില്‍ 30) മിച്ചല്‍ സാന്റ്നറും(11) ചേര്‍ന്നുള്ള കൂട്ടുകെട്ടും അധികം മുന്നോട്ടുപോയില്ല. സാന്റ്നറെ മടക്കി സാംസ് രണ്ടാം പ്രഹമേല്‍പ്പിക്കുമ്പോള്‍ ചെന്നൈ സ്കോര്‍ ബോര്‍ഡില്‍ 16 റണ്‍സെ ഉണ്ടായിരുന്നുള്ളു. എന്നാല്‍ അംബാട്ടി റായുഡുവുമൊത്ത്(35 പന്തില്‍ 40) മികച്ച കൂട്ടുകെട്ടിലൂടെ ഉത്തപ്പ ചെന്നൈയെ 50 കടത്തി. സ്കോര്‍ 66ല്‍ നില്‍ക്കെ ഉത്തപ്പയെ വീഴ്ത്തി ഉനദ്ഘട്ട് ചെന്നൈക്ക് അടുത്ത പ്രഹരമേല്‍പ്പിച്ചു. നാലാം വിക്കറ്റിൽ റായിഡുവും ശിവം ദുബെയും (14 പന്തിൽ 13) ഒത്തുചേർന്നെങ്കിലും രണ്ടാം സ്പെല്ലിൽ ഡാനിയൽ സാംസ് ഇരുവരെയും പുറത്താക്കുകയായിരുന്നു.
പിന്നീടെത്തിയ ക്യാപ്റ്റൻ രവീന്ദ്ര ജഡേജയ്ക്ക് (8 പന്തിൽ 3) കാര്യമായി ഒന്നും ചെയ്യാനായില്ല. ഏഴാം വിക്കറ്റിൽ എം.എസ്.ധോണിയും (13 പന്തിൽ 28*), ഡ്വെയ്ൻ പ്രിട്ടോറിയസും (14 പന്തിൽ 22) 33 റൺസെടുത്തു. അവസാന ഓവറിൽ 17 റൺസാണ് ചെന്നൈയ്ക്ക് വിജയിക്കാൻ വേണ്ടിയിരുന്നത്. അവസാന ഓവറിന്റെ ആദ്യ പന്തിൽ തന്നെ ഉനദ്കട്ട് പ്രിട്ടോറിയസിനെ വിക്കറ്റിനു മുന്നിൽ കുരുക്കി. എന്നാൽ അവസാന 4 പന്തിൽ ഒരു സിക്സും രണ്ടു ഫോറും ഉൾപ്പെടെ 16 റൺസെടുത്തു ധോണി വിജയം ഉറപ്പാക്കുകയായിരുന്നു.
മുംബൈക്കായി ഡാനിയേല്‍ സാംസ് നാലോവറില്‍ 30 റണ്‍സിന് നാലു വിക്കറ്റെടുത്തു. ഉനദ്ഘട്ട് നാലോവറില്‍ 48 റണ്‍സിന് രണ്ട് വിക്കറ്റെടുത്തു.
നേരത്തെ ടോസ് നഷ്ടമായി ബാറ്റ് ചെയ്ത മുംബൈ 20 ഓവറില്‍ 7 വിക്കറ്റ് നഷ്ടത്തിലാണ് 155 റണ്‍സെത്തത്. തിലക് വർമ്മയുടെ അർധ സെഞ്ചുറി പ്രകടനമാണ് തകർച്ചയിൽനിന്നും മുംബൈയെ രക്ഷിച്ചത്.
ഓപ്പണറുമാരായ രോഹിത്ത് ശർമയും ഇഷാൻ ശർമയും പൂജ്യത്തിന് മടങ്ങിയപ്പോൾ ഡെവാൾഡ് ബ്രെവിസ് നാല് റണ്‍സിനും പവലിയൻ കയറി. സൂര്യകുമാർ യാദവ്-21, ഹൃത്വിക് ഷോക്കീൻ-25, പോള്ളാർഡ്-14, ജയദേവ് ഉനദ്കട്ട് 19 റണ്‍സും നേടി.
43 പന്തിൽ രണ്ട് സിക്സും മൂന്ന് ഫോറും ഉൾപ്പെടെ 51 റണ്‍സെടുത്ത തിലക് വർമ്മ പുറത്താകാതെ നിന്നു.
ചെന്നൈയ്ക്കായി മുകേഷ് ചൗധരി മൂന്ന് വിക്കറ്റ് വീഴ്ത്തി. ബ്രാവോ രണ്ട് വിക്കറ്റും നേടി.