മുണ്ടക്കയം: കോഴിത്തീറ്റയുടെയും കുഞ്ഞുങ്ങളുടെയും വില കുതിച്ചുയർന്നതോടെ ചെറുകിട ഫാമുകൾ പിടിച്ചുനിൽക്കാൻ പെടാപ്പാടുപെടുന്നു. 50 കിലോയുടെ ഒരു ചാക്ക് കോഴിത്തീറ്റയ്ക്ക് 1300ൽ നിന്ന് 2550 രൂപ വരെയാണ് വില ഉയർന്നത്. ചെറുകിട കച്ചവടക്കാർ 43 മുതൽ 45 രൂപ വരെയാണ് ഒരുകിലോഗ്രാം തീറ്റയ്ക്ക് ഈടാക്കുന്നത്. വിരിയിച്ചെടുക്കുന്ന കോഴിക്കുഞ്ഞിന്റെ വിലയിലും വർദ്ധനവ് ഉണ്ട്.
ഒരു ദിവസം പ്രായമായ 16 മുതൽ 20 രൂപ വരെ വിലയുണ്ടായിരുന്ന കുഞ്ഞുങ്ങൾക്ക് ഇപ്പോൾ 35 മുതൽ 40 വരെയാണ് വില. ഗതാഗത ചെലവ്, ചില്ലറ കച്ചവടക്കാരുടെ ലാഭവിഹിതം, മാലിന്യം നീക്കം ചെയ്യാനുളള തുക, ജീവനക്കാരുടെ ശമ്പളം, വൈദ്യുതി എന്നിങ്ങനെ അനുബന്ധ ചെലവുകളും കൂടി കണക്കിലെടുക്കുമ്പോൾ കോഴിഫാമുകൾ വൻ പ്രതിസന്ധിയാണ് അഭിമുഖീകരിക്കുന്നത്.തീറ്റവില അടിക്കടി കൂടുന്നതിനാൽ ആനുപാതികമായി കർഷകർക്ക് വില കിട്ടാതെ വന്നതോടെ ഫാം ഉടമകൾ ഉത്പാദനം നിർത്തി. ചെറുതും വലുതുമായ ആയിരത്തിലധികം ഫാമുകളാണ് സംസ്ഥാനത്ത് ഉള്ളത്.