ദോഹ: രാജ്യത്തെ സർക്കാർ സ്കൂളുകളിലെ പുതു അധ്യയന വർഷത്തേക്കുള്ള വിദ്യാർഥികളുടെ രജിസ്ട്രേഷനും ട്രാൻസ്ഫറും ഞായറാഴ്ച മുതൽ ആരംഭിക്കുമെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രാലയം. മന്ത്രാലയത്തിൻറെ വെബ്സൈറ്റിലെ പൊതുസേവന പോർട്ടൽ വഴി നടക്കുന്ന നടപടികൾ ജൂൺ ഒമ്പതുവരെ നീണ്ടുനിൽക്കും. ഇപ്പോൾ അവസാനിക്കുന്ന 2021-22 അധ്യയന വർഷത്തിൽ 1,29,248 വിദ്യാർഥികളാണ് പൊതു സ്കൂളുകളിൽ പഠിക്കുന്നതെന്ന് വിദ്യാഭ്യാസ മന്ത്രാലയം സ്കൂൾ വിഭാഗം ഡയറക്ടർ അലി ജാസിം അൽ കുവാരി പറഞ്ഞു.
14,766 വിദ്യാർഥികളാണ് അക്കാദമിക വർഷത്തിൽ പുതുതായി പ്രവേശനം നേടിയത്. മുൻവർഷത്തേക്കാൾ 2.63 ശതമാനം വർധനയാണിത്. സ്വകാര്യമേഖലയിൽനിന്ന് 5833 വിദ്യാർഥികൾ സർക്കാർ സ്കൂളുകളിലേക്ക് മാറിയതായും അദ്ദേഹം വിശദീകരിച്ചു.
എല്ലാ സർക്കാർ സ്കൂളുകൾക്കും കിൻഡർഗാർട്ടനുകൾക്കും അടുത്തയാഴ്ച മുതൽ രജിസ്ട്രേഷൻ തുടങ്ങാനുള്ള സർക്കുലർ മന്ത്രാലയം പുറപ്പെടുവിച്ചു. ആദ്യത്തെ രജിസ്ട്രേഷൻ നടപടികൾ ഓണലൈൻ വഴിയായിരിക്കും. ഇത് പൂർത്തിയാക്കിയശേഷം, രക്ഷിതാക്കൾക്ക് എസ്.എം.എസ് വഴി വിവരം അറിയിക്കും.
രണ്ടു ഘട്ടങ്ങളിലായാണ് ആദ്യ രജിസ്ട്രേഷൻ പ്രക്രിയ ക്രമീകരിച്ചത്. ഏപ്രിൽ 24 മുതൽ ജൂൺ ഒമ്പതുവരെ ഖത്തരി പൗരന്മാരുടെ കുട്ടികൾക്കും ജി.സി.സി പൗരന്മാരുടെ കുട്ടികൾക്കുമായിരിക്കും രജിസ്ട്രേഷന് അവസരം. മേയ് 15 മുതൽ 26വരെയുള്ള രണ്ടാം ഘട്ടത്തിലാണ് മറ്റ് രാജ്യക്കാരായ പ്രവസികളുടെ മക്കൾക്ക് പ്രവേശനം നേടാനുള്ള സമയം.