ന്യൂഡൽഹി: പുനഃസംഘടനാ ചർച്ചകൾ മുറുകവെ കോൺഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയെ സന്ദർശിച്ച് രാജസ്ഥാനിൽനിന്നുള്ള പാർട്ടി നേതാവ് സച്ചിൻ പൈലറ്റ്. സംസ്ഥാനത്തും പാർട്ടിയിലും സച്ചിന്റെ ഭാവി പരിപാടികളെ കുറിച്ചായിരുന്നു ചർച്ചയെന്ന് എൻഡിടിവി റിപ്പോർട്ടു ചെയ്തു. അടുത്ത വർഷം നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ പൈലറ്റിനെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയാക്കി തെരഞ്ഞെടുപ്പിനെ നേരിടാനാണ് കോൺഗ്രസിൽ ആലോചന.
കോണ്‍ഗ്രസില്‍ ഇനി സച്ചിന്‍ പൈലറ്റിന്റെ സ്ഥാനം എന്തായിരിക്കണമെന്ന കൃത്യമായ നിര്‍ദേശം സച്ചിന് നേതൃത്വം നല്‍കിയിട്ടുണ്ടെന്നാണ് പുറത്ത് വരുന്ന വാര്‍ത്തകള്‍. മുഖ്യമന്ത്രി സ്ഥാനം തന്നെ വേണമെന്ന് സച്ചിന്‍ പൈലറ്റ് നേതൃത്വത്തിന് മുന്നില്‍ ആവശ്യപ്പെട്ടിട്ടുമുണ്ട്.
പാര്‍ട്ടി നേതൃത്വവുമായി ഇടഞ്ഞിരുന്നുവെങ്കിലും സച്ചിന്‍ പൈലറ്റിന്റെ പരാതി പരിഹരിക്കുമെന്നും രാജസ്ഥാന്‍ കോണ്‍ഗ്രസില്‍ സച്ചിന്റെ അനുയായികള്‍ക്ക് അര്‍ഹമായ സ്ഥാനം ഉറപ്പാക്കുമെന്നുമുള്ള നേതൃത്വത്തിന്റെ ഉറപ്പില്‍ സച്ചിനെ അനുനയിപ്പിക്കാന്‍ സോണിയാ ഗാന്ധി അടക്കമുള്ളവര്‍ക്ക് കഴിഞ്ഞിരുന്നു. അതുകൊണ്ട് തന്നെ അടുത്ത തവണയെങ്കിലും തന്നെ പാര്‍ട്ടി കൈവിടില്ലെന്ന ഉറച്ച വിശ്വാസത്തിലാണ് സച്ചിന്‍.
സച്ചിനൊപ്പം യുവനേതൃനിരയിലുണ്ടായിരുന്ന ജ്യോതിരാദിത്യ സിന്ധ്യ, ജിതിൻ പ്രസാദ, ആർപിഎൻ സിങ് തുടങ്ങിയവര്‍ നേരത്തെ ബിജെപിയിലേക്ക് ചേക്കേറിയിരുന്നു. പാർട്ടിക്കുള്ളിലെ കലാപത്തിനിടെ സച്ചിനെ സിന്ധ്യ അടക്കമുള്ളവർ ബിജെപിയിലേക്ക് ക്ഷണിക്കുകയും ചെയ്തിരുന്നു. എന്നാൽ പാർട്ടിയിൽ അടിയുറച്ചു നിൽക്കുകയാണ് സച്ചിൻ ചെയ്തത്.
നേരത്തെ സംസ്ഥാന കോൺഗ്രസ് അധ്യക്ഷനും ഉപമുഖ്യമന്ത്രിയുമായിരുന്നു സച്ചിൻ പൈലറ്റ്. അന്തരിച്ച കോൺഗ്രസ് നേതാവും മുൻ കേന്ദ്രമന്ത്രിയുമായ രാജേഷ് പൈലറ്റിന്റെ മകനാണ് സച്ചിൻ. രണ്ടാം മൻമോഹൻ സിങ് മന്ത്രിസഭയിൽ കോർപറേറ്റ് അഫയേഴ്‌സ് വകുപ്പു മന്ത്രിയായിരുന്നു.
















