മുസ്ലീം ലീഗിനോടുള്ള സിപിഎം സമീപനത്തിൽ കാര്യമായ മാറ്റമൊന്നും വന്നിട്ടില്ലെന്ന് വ്യക്തമാക്കി എ വിജയരാഘവൻ. ലീഗുമായി ബന്ധപ്പെട്ട സിപിഎം നിലപാട് വ്യക്തമാണ്. ഇ പി ജയരാജന്റെ പ്രസ്താവനയിൽ നിന്ന് എന്തെങ്കിലും വാചകം എടുത്ത് വിവാദമുണ്ടാക്കി വാർത്തയാക്കാൻ ശ്രമിക്കുന്നതെങ്കിൽ അത് വേണ്ടെന്നും എ വിജരാഘവൻ വ്യക്തമാക്കി.
ഇപി ജയരാജന്റെ പ്രസ്താവനയെക്കുറിച്ച് അറിയില്ല. അഭിമുഖത്തിലെ ഒരു വാചകമെടുത്ത് ചോദിക്കേണ്ട എന്നും മാധ്യമപ്രവർത്തകരോട് എ വിജയരാഘവൻ പറഞ്ഞു. ഇടതുമുന്നണി വിപുലീകരണം സംബന്ധിച്ചും വിജയരാഘവൻ പ്രതികരിച്ചു.
പി ശശിയുടെ നിയമനത്തിലും വിവാദത്തിന്റെ ആവശ്യമില്ല. രാഷ്ട്രീയത്തിൽ വരും ദിവസങ്ങളിൽ പലതും സംഭവിക്കാം. ഇപ്പോൾ എൽഡിഎഫ് നല്ല രീതിയിൽ പോകുന്നുണ്ട്. സിപിഎം സംസ്ഥാന കമ്മിറ്റി യോഗം ചേർന്ന് എല്ലാവർക്കും അതാത് ചുമതലകൾ നൽകിയിട്ടുണ്ട്. എല്ലാം സാധാരണ നടപടിക്രമം മാത്രമാണ്. കാര്യങ്ങൾ പാർട്ടി ചർച്ച ചെയ്ത് ഏകകണ്ഠമായി അംഗീകരിച്ചു. പറയേണ്ടത് പാർട്ടി സംസ്ഥാന സെക്രട്ടറി പറഞ്ഞിട്ടുണ്ട് എന്നും എ വിജയരാഘവൻ വ്യക്തമാക്കി.

















