ന്യൂഡൽഹി: ഡൽഹിയിലെ മുസ്ലിം ഭൂരിപക്ഷ പ്രദേശമായ ജഹാംഗീർപുരി സി ബ്ലോക്കിലെ കെട്ടിടങ്ങൾ പൊളിക്കുന്നതിനെതിരായ ഹരജികൾ സുപ്രീംകോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസ് എൽ. നാഗേശ്വർ റാവു അധ്യക്ഷനായ ബെഞ്ചാണ് ഹരജി പരിഗണിക്കുന്നത്.
ഡൽഹി മുനിസിപ്പൽ കോർപറേഷൻറെ നടപടി ഏകപക്ഷീയമാണെന്ന് ചൂണ്ടിക്കാട്ടി ജംഇയ്യത്തുൽ ഉലമായെ ഹിന്ദ് ഉൾപ്പെടെയുള്ളവരാണ് ഹരജി നൽകിയത്. മുതിർന്ന അഭിഭാഷകരായ പ്രശാന്ത് ഭൂഷണും കപിൽ സിബലും ദുഷ്യന്ത് ദവേയുമാണ് ഹരജിക്കാർക്കായി ഹാജരാകുന്നത്. സി.പി.എം പി.ബി അംഗം വൃന്ദ കാരാട്ടും ഹരജി നൽകിയിട്ടുണ്ട്. ഹനുമാൻ ജയന്തി ഘോഷയാത്ര വർഗീയ സംഘർഷത്തിൽ കലാശിച്ച ജഹാംഗീർപുരിയിൽ ബി.ജെ.പി ഭരിക്കുന്ന വടക്കൻ ഡൽഹി മുനിസിപ്പൽ കൗൺസിലിന്റെ നേതൃത്വത്തിലായിരുന്നു ഡൽഹി പൊലീസിന്റെ സഹായത്തോടെയുള്ള പൊളിച്ചു നീക്കൽ.
പൊളിക്കൽ തുടങ്ങിയ ഉടൻ അത് തടഞ്ഞ് സുപ്രീംകോടതി ഉത്തരവിറങ്ങിയെങ്കിലും ഒന്നരമണിക്കൂർ നേരം പൊളിക്കൽ തുടർന്നു. നോട്ടീസ് നൽകുന്നതടക്കം നടപടികൾ പാലിക്കാതെയാണ് ബുധനാഴ്ച ഒമ്പത് ബുൾഡോസറുകൾ ജഹാംഗീർ പുരി സി ബ്ലോക്കിൽ എത്തിയത്. ആയിരത്തിലേറെ പൊലീസുകാരുടെ അകമ്പടിയോടെ പൊളിക്കൽ തുടങ്ങി. പിന്നാലെ ജംഇയ്യത്തുൽ ഉലമായെ ഹിന്ദ് അഭിഭാഷകരായ കപിൽ സിബൽ, ദുഷ്യന്ത് ദവെ, സഞ്ജയ് ഹെഗ്ഡെ എന്നിവരും വൃന്ദ കാരാട്ടിൻറെ അഭിഭാഷകനായ അഡ്വ. സുരേന്ദ്ര നാഥും വിഷയം സുപ്രീംകോടതിയുടെ ശ്രദ്ധയിൽപ്പെടുത്തുകയായിരുന്നു.
















