വെസ്റ്റ് ഇൻഡീസ് താരം കീറോൺ പൊള്ളാർഡ് രാജ്യാന്തര ക്രിക്കറ്റിൽ നിന്ന് വിരമിച്ചു. തൻ്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ പോസ്റ്റ് ചെയ്ത വിഡിയോയിലൂടെയാണ് ലോകം കണ്ട എക്കാലത്തെയും മികച്ച ടി-20 താരങ്ങളിൽ ഒരാളായ പൊള്ളാർഡ് വിരമിക്കല്‍ അറിയിച്ചത്.
വെസ്റ്റ് ഇൻഡീസ് നിറങ്ങളിൽ കളി മുന്നോട്ടുകൊണ്ടുപോകുന്ന താരങ്ങൾക്കായി മാറികൊടുക്കുകയാണെന്നും എനിക്ക് കഴിയുന്ന എല്ലാ വിധത്തിലും പിന്തുണക്കുമെന്നും പൊള്ളാർഡ് പറഞ്ഞു. എന്റെ സ്വപ്നം സാക്ഷാത്കരിച്ചതിന് അഗാധമായ നന്ദിയോടെയാണ് ഞാൻ ഇപ്പോൾ വെസ്റ്റ് ഇൻഡീസ് ക്രിക്കറ്റിനെ സല്യൂട്ട് ചെയ്ത് എന്റെ ബാറ്റ് ഉയർത്തുന്നതെന്നും പൊള്ളാർഡ് പറഞ്ഞു.
വിൻഡീസിനായി 123 ഏകദിനങ്ങളും 101 ടി-20കളുമാണ് പൊള്ളാർഡ് കളിച്ചിട്ടുള്ളത്. 34കാരനായ താരം ദേശീയ ടീമിനെ നയിക്കുകയും ചെയ്തിട്ടുണ്ട്.
2007ലാണ് പൊള്ളാർഡ് വെസ്റ്റ് ഇൻഡീസിനായി അരങ്ങേറിയത്. കഴിഞ്ഞ ഫെബ്രുവരിയിൽ ഇന്ത്യക്കെതിരെയായിരുന്നു താരത്തിൻ്റെ അവസാന മത്സരം. ഏകദിനത്തിൽ 26 ശരാശരിയിൽ 2706 റൺസും 55 വിക്കറ്റും നേടിയിട്ടുള്ള താരം ടി-20യിൽ 1569 റൺസും 44 വിക്കറ്റും നേടിയിട്ടുണ്ട്. 25 ആണ് ടി-20 ക്രിക്കറ്റിലെ ശരാശരി. ഐപിഎലിൽ മുംബൈ ഇന്ത്യൻസിൻ്റെ താരമായ പൊള്ളാർഡ് ഫ്രാഞ്ചൈസി ക്രിക്കറ്റിൽ തുടരും.
വൈറ്റ് ബോള്‍ സ്പെഷ്യലിസ്റ്റായ താരം ഇതുവരെ ഒരു ടെസ്റ്റ് പോലും വിന്‍ഡീസിനായി കളിച്ചട്ടില്ല. 24 ഏകദിന മത്സരങ്ങളില്‍ പൊള്ളാര്‍ഡ് ടീമിനെ നയിച്ചപ്പോള്‍ 13 എണ്ണത്തിലാണ് വിജയം നേടിയത്. അതേ സമയം ടി20യില്‍ ക്യാപ്റ്റനായി ശോഭിക്കാന്‍ താരത്തിനു സാധിച്ചിട്ടില്ല. 39 മത്സരങ്ങളില്‍ 21 ലും പരാജയപ്പെട്ടു.