ദോഹ: സർക്കാർ സർവിസിൽനിന്നും വിരമിച്ച ഖത്തരി ജീവനക്കാർക്കുള്ള പെൻഷൻ തുക വർധിപ്പിച്ച് അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനിയുടെ ഉത്തരവ്. ഇതിനുപുറമെ, സോഷ്യൽ ഇൻഷുറൻസ് നിയമവും സൈനിക വിരമിക്കൽ നിയമവും അമീർ പ്രഖ്യാപിച്ചു. 2022 ലെ അമീരി ഓർഡറിെൻറ വിവിധ ഉത്തരവുകളിൽ കഴിഞ്ഞദിവസം ഒപ്പുവെച്ചു. ഔദ്യോഗിക ഗസറ്റിൽ പ്രസിദ്ധീകരിക്കുന്ന പുതിയ തീരുമാനം ഏപ്രിൽ ഒന്ന് മുതൽ പ്രാബല്യത്തിൽ വരും. സോഷ്യൽ ഇൻഷുറൻസ് നിയമം ഔദ്യോഗിക ഗസറ്റിൽ പ്രസിദ്ധീകരിച്ച തീയതി മുതൽ ആറ് മാസം കഴിഞ്ഞ് പ്രാബല്യത്തിൽ വരും.
രാജ്യത്തെ സർക്കാർ ജീവനക്കാരുടെയും കുടുംബങ്ങളുടെയും ജീവിതനിലവാരം ഉയർത്തുന്നതിെൻറ ഭാഗമായാണ് പെൻഷൻ തുക ഉയർത്തിയത്. 15000 റിയാലാണ് കുറഞ്ഞ പെൻഷൻ തുക. ഇതോടൊപ്പം 6000 റിയാൽ വരെ ഹൗസിങ് അലവൻസായി നൽകും, ഒരുലക്ഷം റിയാൽ വരെ പെൻഷൻ വാങ്ങുന്നവർക്കാണ് ഹൗസിങ് അലവൻസ്. 30 വർഷത്തിൽ കൂടുതൽ സർവിസ് ഉള്ളവരാണെങ്കിൽ പെൻഷനും അലവൻസിനുമൊപ്പം ബോണസ് കൂടി നൽകും. 25 വർഷമാണ് പെൻഷൻ ലഭിക്കാനുള്ള സർവിസ് കാലാവധി. എന്നാൽ, കുട്ടികളുടെ സംരക്ഷണ ഉത്തരവാദിത്തമുള്ള സ്ത്രീകൾ 20 വർഷത്തെ സർവിസ് പൂർത്തിയാക്കി വിരമിച്ചാൽ മുഴുവൻ പെൻഷനും നൽകണമെന്ന് നിയമം പറയുന്നു. സ്വകാര്യമേഖലയിൽ ജോലിചെയ്യുന്ന ഖത്തരി പൗരന്മാർക്കുള്ള പെൻഷൻ സംബന്ധിച്ച സാമൂഹിക ഇൻഷുറൻസ് നിയമവും പുറത്തിറക്കിയിട്ടുണ്ട്.