ദോഹ: മരുഭൂമിയിൽ ടെൻറ് കെട്ടിയും ക്യാമ്പ് ചെയ്ത് അവധി ആസ്വദിച്ചും മാസങ്ങളോളം നീണ്ടുനിന്ന 2021-22 ശൈത്യകാല കാമ്പിങ് സീസൺ മേയ് രണ്ടോടെ സമാപനമാവും. തണുപ്പ് മാറി, കാലാവസഥ ചൂടിലേക്ക് നീങ്ങുന്നതിനിടെയാണ് ക്യാമ്പിങ് സീസണിനും സമാപനമാവുന്നത്. 12 ദിവസത്തിനുള്ളിൽ ക്യാമ്പ് ഒരുക്കുന്നതിനായി ഉപയോഗിച്ച വസ്തുക്കളും ഉപകരണങ്ങളുമെല്ലാം നീക്കംചെയ്യണമെന്ന് പരിസ്ഥിതി-കാലാവസ്ഥാ വ്യതിയാന മന്ത്രാലയം നിർദേശിച്ചു. മേയ് 14നുള്ളിൽ എല്ലാം നീക്കംചെയ്യാനാണ് ആവശ്യപ്പെട്ടത്. പെരുന്നാൾ അവധികൂടി ആഘോഷിച്ച് ക്യാമ്പിങ്ങിന് സമാപനം കുറിക്കാനാണ് നിർദേശം. 1626 ക്യാമ്പുകളാണ് സീസണിൽ രാജ്യത്തിെൻറ വിവിധ ഭാഗങ്ങളിലായി പ്രവർത്തിച്ചത്.
കഴിഞ്ഞ നവംബറിലായിരുന്നു കാമ്പിങ്ങ് സീസണിന് തുടക്കം കുറിച്ചത്. സുരക്ഷിതമായി ക്യാമ്പിങ് സീസൺ നടത്തുന്നതിനായി സഹകരിച്ച ആരോഗ്യ, സുരക്ഷ ഉൾപ്പെടെ വിവിധ മന്ത്രാലയങ്ങൾക്കും വകുപ്പുകൾക്കും പരിസ്ഥിതി മന്ത്രാലയം മേധാവികൾ നന്ദി അറിയിച്ചു. പരിസ്ഥിതി സുരക്ഷ ഉറപ്പാക്കാനും ജീവജലാങ്ങളെയും ചുറ്റുപാടിനെയും സംരക്ഷിക്കാനുമായി ക്യാമ്പിങ് കാലയളവിൽ വിവിധ ബോധവത്കരണ പരിപാടികൾ സംഘടിപ്പിച്ചതായും അധികൃതർ അറിയിച്ചു.