മുംബൈ: ഐപിഎല്ലില്‍ പഞ്ചാബ് കിങ്സിനെ തകര്‍ത്ത് ഡല്‍ഹി ക്യാപിറ്റല്‍സ്. പഞ്ചാബ് ഉയർത്തിയ 116 റൺസ് വിജയലക്ഷ്യം വെറും 10.3 ഓവറിൽ ഡൽഹി മറികടന്നു.
ആദ്യ ഓവർ മുതൽതന്നെ തകർത്തടിച്ച പൃഥി ഷാ– ഡേവിഡ് വാർണർ ഓപ്പണിങ് സഖ്യമാണു ഡല്‍ഹിക്ക് വിജയം സമ്മാനിച്ചത്. പൃഥ്വി ഷാ 20 പന്തിൽ 7 ഫോറും ഒരു സിക്സും അടക്കം 41 റൺസും, വാർണർ 30 പന്തിൽ 10 ഫോറും ഒരു സിക്സും അടക്കം പുറത്താകാതെ 60 റൺസും നേടി. ടീം സ്കോർ 83ൽ എത്തിയപ്പോൾ പൃഥ്വി ഷാ വീണെങ്കിലും പിന്നീടെത്തിയ സർഫ്രാസ് ഖാൻ (13 പന്തില്‍ ഒരു ഫോർ അടക്കം 12 നോട്ടൗട്ട്) വാർണർക്കൊപ്പം നിന്നു ഡൽഹി വിജയം ഉറപ്പാക്കി.
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ പഞ്ചാബ് നിശ്ചിത ഓവറില്‍ 115 റണ്‍സെടുക്കുന്നതിനിടെ എല്ലാവരും പുറത്തായി. ഓപ്പണര്‍മാര്‍ ഭേദപ്പെട്ട തുടക്കം നല്‍കിയിട്ടും അതു തുടരാന്‍ പഞ്ചാബ് ബാറ്റിങ് നിരയ്ക്ക് കഴിഞ്ഞില്ല. 33 റണ്‍സെത്തിയപ്പോള്‍ ആദ്യ വിക്കറ്റ് വീണു. 10 പന്തില്‍ ഒമ്പതു റണ്‍സെടുത്ത ഓപ്പണര്‍ ശിഖര്‍ ധവാനെ ലളിത് യാദവിന്റെ പന്തില്‍ വിക്കറ്റ് കീപ്പര്‍ ഋഷഭ് പന്ത് ക്യാച്ചെടുത്തു. തുടര്‍ന്ന് പഞ്ചാബിന് തുടര്‍ച്ചയായി വിക്കറ്റുകള്‍ നഷ്ടമായി.
15 പന്തില്‍ 24 റണ്‍സായിരുന്നു ക്യാപ്റ്റന്‍ മായങ്ക് അഗര്‍വാളിന്റെ സമ്പാദ്യം. ബംഗ്ലാദേശ് ബൗളര്‍ മുസ്തഫിസുര്‍ റഹ്മാന്റെ പന്തില്‍ മായങ്ക് ബൗള്‍ഡാകുകയായിരുന്നു.
ജോണി ബെയര്‍സ്റ്റോ ഒമ്പത് റണ്‍സിനും ലിയാം ലിവിങ്സ്റ്റണ് വെറും രണ്ടു റണ്‍സിനും പുറത്തായി. വിക്കറ്റ് കീപ്പര്‍ ജിതേശ് ശര്‍മയാണ് അല്പമെങ്കിലും പിടിച്ചുനിന്നത്. 23 പന്തില്‍ നിന്ന് 32 റണ്‍സാണ് ജിതേശ് നേടിയത്. ഷാരൂഖ് ഖാന് (20 പന്തില്‍ 12), കഗിസോ റബാദ (ആറു പന്തില്‍ രണ്ട്), നേഥന്‍ എല്ലിസ് (പൂജ്യം), രാഹുല്‍ ചാഹര്‍ (12 പന്തില്‍ 12), അര്‍ഷദീപ് സിങ്ങ് (17 പന്തില്‍ ഒമ്പത്) എന്നിങ്ങനെയാണ് മറ്റു ബാറ്റര്‍മാരുടെ പ്രകടനം. രണ്ടു റണ്‍സുമായി വൈഭവ് അറോറ പുറത്താകാതെ നിന്നു.
ഡല്‍ഹിക്കായി ഖലീല്‍ അഹമ്മദ്, ലളിത് യാദവ്, അക്സര്‍ പട്ടേല്‍, കുല്‍ദീപ് യാദവ് എന്നിവര്‍ രണ്ടു വിക്കറ്റ് വീതം വീഴ്ത്തി. മുസ്തഫിസുര്‍ റഹ്മാന് ഒരു വിക്കറ്റെടുത്തു.