കീവ്: യുക്രൈൻ അധിനിവേശത്തിന് മറുപടിയായി 2022 വിംബിൾഡൺ ടൂർണമെന്റിൽ നിന്ന് റഷ്യൻ, ബലറൂസ് താരങ്ങളെ വിലക്കി. സാധ്യമായ ഏറ്റവും ശക്തമായ മാർഗങ്ങളിലൂടെ റഷ്യക്കെതിരെ തങ്ങൾ പ്രവർത്തിക്കുകയാണെന്ന് വിംബിൾഡൺ അധികൃതർ പ്രസ്താവനയിൽ പറഞ്ഞു.
”ന്യായീകരിക്കപ്പെടാത്ത സൈനിക ആക്രമണത്തിന്റെ സാഹചര്യത്തിൽ, റഷ്യൻ അല്ലെങ്കിൽ ബെലാറഷ്യൻ കളിക്കാരുടെ പങ്കാളിത്തത്തിൽ നിന്ന് എന്തെങ്കിലും നേട്ടങ്ങൾ റഷ്യൻ ഭരണകൂടത്തിന് ലഭിക്കുന്നത് അംഗീകരിക്കാനാവില്ല, ‘അതിനാൽ, ഖേദത്തോടെ, റഷ്യൻ, ബലറൂസ് കളിക്കാരിൽ നിന്ന് വിംബിൾഡണിലേക്കുള്ള എൻട്രികൾ നിരസിക്കുക എന്നതാണ് ഞങ്ങളുടെ ഉദ്ദേശം.”ഓൾ ഇംഗ്ലണ്ട് ലോൺ ടെന്നീസ് ക്ലബ്ബ് പറഞ്ഞു.
റഷ്യയുടെ ലോക രണ്ടാം നമ്പർ പുരുഷ താരം ഡാനിൽ മെദ്വദേവും ബലറൂസിന്റെ ലോക നാലാം നമ്പർ വനിതാ താരം അരിന സബലെങ്കയുമാണ് വിലക്ക് നേരിടുന്ന മുൻനിര താരങ്ങൾ.
എടിപി റാങ്കിങ്ങിൽ നിലവിൽ എട്ടാം സ്ഥാനത്താണ് റഷ്യയുടെ ആന്ദ്രേ റുബ്ലെവ്, അദ്ദേഹത്തിന്റെ കൂടെ കളിക്കുന്ന കാരെൻ ഖച്ചനോവ് 26-ാം സ്ഥാനത്താണ്. ലോക 15-ാം നമ്പർ താരം അനസ്താസിയ പാവ്ലിയുചെങ്കോവയും വിക്ടോറിയ അസരെങ്കയുമാണ് ഗ്രാസ്-കോർട്ട് ഗ്രാൻഡ്സ്ലാം നഷ്ടപ്പെടുന്ന മറ്റു മുൻനിര വനിതാ താരങ്ങൾ.