ദുബായ് :തിങ്കളാഴ്ചയുണ്ടായ നാല് വ്യത്യസ്ത വാഹനാപകടങ്ങളിൽ രണ്ടുപേർ മരിക്കുകയും മൂന്നു പേർക്ക് പരുക്കേൽക്കുകയും ചെയ്തതായി ദുബായ് പൊലീസ് അറിയിച്ചു. അബുദാബിയിലേക്കുള്ള ട്രിപ്പോളി പാലത്തിന് സമീപം എമിറേറ്റ്സ് റോഡിലായിരുന്നു ആദ്യ അപകടം. മൂന്നു വാഹനങ്ങൾ കൂട്ടിയിടിക്കുകയായിരുന്നു. സുരക്ഷിതമായ അകലം പാലിക്കാത്തതായിരുന്നു കാരണം. അപകടത്തിൽ 30 വയസ് പ്രായമുള്ള ഒരാൾക്ക് ഗുരുതരമായി പരുക്കേറ്റതായും ചികിത്സയ്ക്കായി റാഷിദ് ആശുപത്രിയിൽ പ്രവേശിപ്പിച്ചതായും അധികൃതർ പറഞ്ഞു.
ദുബായ്-ഹത്ത റോഡിൽ മോട്ടോർ സൈക്കിളും ലോറിയും കൂട്ടിയിടിച്ച് ബൈക്ക് യാത്രികൻ മരിച്ചതാണ് രണ്ടാമത്തെ അപകടം. സുരക്ഷിതമായ അകലം പാലിക്കാത്തത് അപകടത്തിന് കാരണമായി. മറ്റൊരു അപകടത്തിൽ, ദുബായ്–ഹത്ത റോഡിൽ അനുവദനീയമല്ലാത്ത സ്ഥലത്ത് റോഡിന് കുറുകെ കടന്ന 40 വയസുകാരൻ വാഹനമിടിച്ച് സംഭവ സ്ഥലത്തു വച്ചുതന്നെ മരിച്ചു. റോഡിന്റെ ആദ്യ പാതയുടെ അറ്റത്ത് എത്തിയപ്പോഴായിരുന്നു വാഹനമിടിച്ചത്. അബുദാബിയിലേക്കുള്ള ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് റോഡിൽ സിറ്റി സെന്റർ മിർദിഫിന് മുന്നിൽ, അമിത വേഗവും അശ്രദ്ധയും കാരണം നാലു വാഹനങ്ങൾ ഒരു ലോറിയിൽ ഇടിച്ചും അപകടമുണ്ടായതാണ് നാലാമത്തേത്. അപകടത്തിൽ തലയ്ക്ക് ഗുരുതരമായി പരുക്കേറ്റ ഒരാളെ റാഷിദ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.