റാസല്‍ഖൈമ: വാഹനങ്ങളെ മറികടക്കുന്നത് മറ്റു ഡ്രൈവര്‍മാരില്‍ ആശയക്കുഴപ്പം സൃഷ്ടിച്ചാകരുതെന്ന് റാക് ട്രാഫിക് ആൻഡ് പട്രോള്‍ വകുപ്പ്. നിശ്ചിത അകലം പാലിക്കാതെ പൊടുന്നനെയുള്ള ഓവര്‍ടേക്കിങ് അപകടങ്ങള്‍ക്കിടയാക്കുന്നു. ഡ്രൈവര്‍മാരുടെ പിടിവാശിയാണ് അപകടങ്ങള്‍ക്കിടയാക്കുന്നതെന്ന് റാക് പൊലീസ് സെന്‍ട്രല്‍ ഓപറേഷന്‍സ് ഡയറക്ടര്‍ ജനറല്‍ ബ്രിഗേഡിയര്‍ ഡോ. മുഹമ്മദ് സഈദ് അല്‍ ഹമീദി പറഞ്ഞു.
മുന്നിലുള്ള വാഹനങ്ങളെ ലൈറ്റുകളും ഹോണുമടിച്ച് റോഡ് ഒഴിപ്പിക്കാന്‍ നിര്‍ബന്ധിക്കുന്നത് ഡ്രൈവറുടെ ശ്രദ്ധ തിരിക്കുന്നതും അപകടങ്ങള്‍ ക്ഷണിച്ചുവരുത്തുന്നതുമാണ്. മതിയായ അകലം പാലിക്കാത്തതിനുള്ള പിഴ 400 ദിര്‍ഹവും നാല് ബ്ലാക്ക് പോയന്റുകളുമാണ്. വേഗത കുറച്ച് വാഹനം ഓടിക്കുമ്പോള്‍ വലതുപാത ഉപയോഗിക്കണമെന്നും നിശ്ചിത വേഗതയിലും കുറച്ച് വാഹനം ഓടിക്കുന്നതും അപകടങ്ങള്‍ക്കിടയാക്കുമെന്നും അല്‍ഹമീദി തുടര്‍ന്നു.