ദുബൈ: റമദാൻ അവസാന പത്തിലേക്കെത്തുമ്പോൾ മാളുകളുടെ സമയം ദീർഘിപ്പിച്ചതായി ദുബൈ ഫെസ്റ്റിവൽ ആൻഡ് റീട്ടെയിൽ എസ്റ്റാബ്ലിഷ്മെൻറ് അറിയിച്ചു. രാത്രി 12 വരെയും പുലർച്ചെ വരെയും ചില മാളുകൾ പ്രവർത്തിക്കും. മാൾ ഓഫ് എമിറേറ്റ്സ് രാവിലെ പത്ത് മുതൽ പുലർച്ചെ ഒന്നു വരെ തുറന്നിരിക്കും. ദുബൈ മാളിലെ റീട്ടെയിൽ ഷോപ്പുകൾ വെള്ളി, ശനി, ഞായർ ദിവസങ്ങളിൽ പുലർച്ചെ ഒന്ന് വരെയും തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ രണ്ട് വരെയും പ്രവർത്തിക്കും.
റസ്റ്റാറൻറും ഫുഡ് കോർട്ടുകളും എല്ലാ ദിവസവും രണ്ട് മണിവരെയുണ്ടാകും. ദേര, മിർദിഫ് സിറ്റി സെൻററുകൾ ഒരുമണി വരെ പ്രവർത്തിക്കും. ഇവിടെയുള്ള റസ്റ്റാറൻറുകളും കഫേകളും രണ്ടു വരെ തുറക്കും. ദുബൈ ഫെസ്റ്റിവൽ സിറ്റി മാൾ രാത്രി 12 മണി വരെയുണ്ടാകും. അൽസീഫ്, അൽഖവാനീജ് വാക് എന്നിവ ഒരുമണി വരെയും സിറ്റി വാക്ക് 12 വരെയും തുറന്നിരിക്കും. ലാമെർ, ദ ബീച്ച് എന്നിവ 12 വരെയാണ് പ്രവർത്തിക്കുന്നതെങ്കിലും ഇവിടെയുള്ള ഭക്ഷണശാലകൾ ഒരുമണിവരെയുണ്ടാകും.