യാംബു: സൗദിയിലെ സ്വകാര്യമേഖലയിലെ ജീവനക്കാർക്ക് നാല് ദിവസം ഈദുൽ ഫിത്വർ അവധിയായിരിക്കുമെന്ന് മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയം അറിയിച്ചു. ഏപ്രിൽ 30 (റമദാൻ 29) ആയിരിക്കും അവസാന പ്രവൃത്തി ദിവസം. മെയ് ഒന്ന് മുതൽ ആരംഭിക്കുന്ന അവധിദിനങ്ങൾ നാലു ദിവസം നീണ്ടു നിൽക്കും. മെയ് അഞ്ച് പ്രവർത്തി ദിനമായിരിക്കും.
തങ്ങളുടെ ജീവനക്കാർക്ക് ഈദുൽ ഫിത്വർ അവധി അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് തൊഴിൽ നിയമത്തിലെ എക്സിക്യൂട്ടീവ് റെഗുലേഷനുകളുടെ ആർട്ടിക്കിൾ 24ന്റെ രണ്ടാം ഖണ്ഡികയിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങൾ പാലിക്കാൻ തൊഴിലുടമകളോട് മന്ത്രാലയം ആഹ്വാനം ചെയ്തു. ചില സ്വകാര്യ കമ്പനികൾ തങ്ങളുടെ ജീവനക്കാർക്ക് ആശ്വാസം പകരാൻ മെയ് അഞ്ച് കൂടി അവധി നൽകിയിട്ടുണ്ട്. കമ്പനികളിലെ ജോലിക്കാർക്ക് അവധിയായി ലഭിക്കുന്ന അഞ്ച് ദിവസവും അവധി ദിനങ്ങൾക്ക് മുമ്പും ശേഷവുമുള്ള വാരാന്ത്യ അവധി ദിനങ്ങളായ വെള്ളി, ശനി എന്നിവ കൂടി കണക്കിലെടുത്താൽ ഒമ്പത് അവധി ദിനങ്ങൾ ലഭിക്കും.
ഈ അവസരം ഉപയോഗപ്പെടുത്തി പ്രവാസികളായ പലരും കുടുംബത്തോടൊപ്പം പെരുന്നാൾ ആഘോഷിക്കാൻ നാട്ടിലേക്കു പോകാനുള്ള ഒരുക്കത്തിലാണ്. രാജ്യത്തെ പൊതു വിദ്യാഭ്യാസ മേഖലയിലുള്ള സർവകലാശാലകൾ, വിവിധ തലങ്ങളിലുള്ള സ്കൂളുകൾ അടക്കം എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും ഈദുൽ ഫിത്വർ അവധിക്കായി നേരത്തേ അടക്കാൻ സൗദി ഭരണാധികാരി സൽമാൻ രാജാവ് ഉത്തരവിട്ടു. ഏപ്രിൽ 21 (റമദാൻ 20) ആയിരിക്കും വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ റമദാനിലെ അവസാന പ്രവർത്തി ദിവസം.