മുംബൈ: ഐപിഎല്ലില്‍ ലഖ്നൗ സൂപ്പര്‍ ജയന്റ്സിനെ 18 റണ്‍സിന് തകര്‍ത്ത് റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍. ബാംഗ്ലൂര്‍ ടീം ഉയര്‍ത്തിയ 182 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന സൂപ്പര്‍ ജയന്റ്സിന് എട്ടു വിക്കറ്റ് നഷ്ടത്തില്‍ 163 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ.
നാല് ഓവറില്‍ വെറും 25 റണ്‍സ് വഴങ്ങി നാലു വിക്കറ്റെടുത്ത ഓസീസ് താരം ജോഷ് ഹെയ്സല്‍വുഡാണ് സൂപ്പര്‍ ജയന്റ്സിനെ പിടിച്ചുകെട്ടിയത്. രണ്ടു വിക്കറ്റ് വീഴ്ത്തി ഹര്‍ഷല്‍ പട്ടേല്‍ ഹേസല്‍വുഡിന് മികച്ച പിന്തുണയാണ് നല്‍കിയത്.
28 പന്തിൽ നിന്ന് 42 റൺസെടുത്ത ക്രുണാൽ പാണ്ഡ്യയും 30 റൺസെടുത്ത കെ.എൽ രാഹുലുമാണ് ലക്നൗവിനായി അൽപ്പമെങ്കിലും പൊരുതിയത്.
നേരത്തെ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ ബാംഗ്ലൂര്‍ അര്‍ധ സെഞ്ചുറി നേടിയ ക്യാപ്റ്റന്‍ ഫാഫ് ഡുപ്ലെസിയുടെ മികവിലാണ് 20 ഓവറില്‍ ആറു വിക്കറ്റ് നഷ്ടത്തില്‍ 181 റണ്‍സെടുത്തത്.
64 പന്തുകള്‍ നേരിട്ട ഡുപ്ലെസി 2 സിക്സും 11 ഫോറുമടക്കം 96 റണ്‍സെടുത്ത് അവസാന ഓവറിലാണ് പുറത്തായത്. അര്‍ഹിച്ച സെഞ്ചുറിയാണ് ഡുപ്ലെസിക്ക് നഷ്ടമായത്. ഷഹബാസ് 26 റണ്‍സെടുത്തു. 8 പന്തില്‍ നിന്ന് 13 റണ്‍സെടുത്ത് ദിനേശ് കാര്‍ത്തിക്ക് പുറത്താവാതെ നിന്നു.
ലക്നൗവിനായി ദുശ്മന്ത ചമീരയും ജെയസണ്‍ ഹോള്‍ഡറും രണ്ടു വിക്കറ്റ് വീതം വീഴ്ത്തി.