മസ്കത്ത്: നോമ്പ് തുറക്കാൻ വീട്ടിലെത്താൻ വൈകുന്ന യാത്രക്കാർക്ക് ഇഫ്താർ ബോക്സുകൾ നൽകുന്ന സംരംഭത്തിന് തുടക്കം കുറിച്ച് ലുലു ഗ്രൂപ്. റമദാൻ മാസത്തിൻറെ വിശുദ്ധിയും സാമൂഹിക ഐക്യവും ഉൾക്കൊണ്ടാണ് പദ്ധതി.
എൻ7എൻ വളൻറിയേഴ്സ് ടീമുമായി സഹകരിച്ചാണ് ബൗഷർ, ദർസൈത്, മർകസ് അൽ ബഹ്ജ തുടങ്ങിയ വിവിധ ട്രാഫിക് സിഗ്നലുകളിലും സുഹാർ, സലാല എന്നീ നഗരങ്ങളിലും ഇഫ്താർ ബോക്സുകൾ നൽകുന്നത്. സമൂഹത്തെ പിന്തുണക്കുക എന്ന ലുലു ഗ്രൂപ്പിൻറെ അടിസ്ഥാന തത്ത്വത്തിൽ ഊന്നിയാണ് ഇത്തരം പ്രവർത്തനങ്ങൾ നടത്തുന്നതെന്ന് അധികൃതർ അറിയിച്ചു.
ജീവകാരുണ്യ പ്രവർത്തനങ്ങളുടെയും മാനുഷിക സംരംഭങ്ങളുടെയും സംസ്കാരം പ്രചരിപ്പിക്കുന്നതിനുള്ള തങ്ങളുടെ തുടർച്ചയായ പ്രവർത്തനങ്ങളുടെ ഭാഗമാണിതെന്ന് ലുലു ഒമാൻ റീജനൽ ഡയറക്ടർ കെ.എ. ഷബീർ പറഞ്ഞു. കുടുംബങ്ങൾക്കും യാത്രക്കാർക്കും മറ്റും ഇഫ്താർ ബോക്സുകൾ വിതരണം ചെയ്ത് ഈ ആശയത്തെ പിന്തുണക്കുന്ന എൻ7എൻ വളൻറിയർ ടീമിനോട് നന്ദി അറിയിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. കാമ്പയിനുമായി സഹകരിക്കാൻ കഴിഞ്ഞത് തങ്ങൾക്ക് ലഭിച്ച ബഹുമതിയാണെന്ന് എൻ7എൻ വളൻറിയേഴ്സ് വക്താവ് മുഹമ്മദ് അൽ സദ്ജലി പറഞ്ഞു. രാജ്യത്തെ മറ്റു വിവിധ ചാരിറ്റബ്ൾ ഓർഗനൈസേഷനുകളുമായും ലുലു സഹകരിച്ച് പ്രവർത്തിക്കുന്നുണ്ട്.