കിയവ്: തലസ്ഥാനം കാത്ത അതേ ആവേശത്തോടെ തുറമുഖ നഗരമായ മരിയുപോളും നിലനിർത്താൻ ജീവൻ പണയംനൽകി യുക്രെയ്ൻ സേന നടത്തുന്ന പോരാട്ടം അവസാനത്തോടടുക്കുന്നോ? കരിങ്കടൽ തീരത്തെ പരമപ്രധാന നഗരമായ മരിയുപോളിൽ യുക്രെയ്ൻ ചെറുത്തുനിൽപ് അവസാന മണിക്കൂറുകളിലാണെന്ന് റിപ്പോർട്ടുകൾ പറയുന്നു. നഗരത്തിന്റെ ഭൂരിഭാഗവും ഇതിനകം കൈവിട്ടെങ്കിലും പ്രശസ്തമായ അസോവ്സ്റ്റൽ ഉരുക്കുനിർമാണ പ്ലാന്റ് താവളമാക്കി യുക്രെയ്ൻ സൈനികർ ചെറുത്തുനിൽക്കുന്നതാണ് റഷ്യക്ക് തലവേദനയാകുന്നത്. ഇവിടെ തടിച്ചുകൂടിയ സൈനികർ അടിയന്തരമായി കീഴടങ്ങണമെന്ന് റഷ്യ വീണ്ടും അന്ത്യശാസനം നൽകിയിട്ടുണ്ട്. 1,000 ഓളം സാധാരണക്കാരും വിശാലമായ പ്ലാന്റിനുള്ളിൽ അഭയം തേടിയിട്ടുണ്ട്. കുട്ടികളും സ്ത്രീകളും വൃദ്ധരുമുൾപ്പെടെ ഇവിടെ കഴിയുന്നതിനാൽ നേരിട്ട് ആക്രമണത്തിന് സാധ്യമല്ലെന്നത് റഷ്യയെ കുഴക്കുന്നു.
മാർച്ച് രണ്ടു മുതൽ റഷ്യ ഉപരോധമേർപ്പെടുത്തിയ പട്ടണമാണ് മരിയുപോൾ. ഇവിടെ നിയന്ത്രണം പൂർണാർഥത്തിലല്ലെങ്കിലും റഷ്യൻ സൈനികർക്കാണ്. യുക്രെയ്ന്റെ കിഴക്ക് ഡോൺബസ് മേഖലയും 2014ൽ റഷ്യ പിടിച്ചടക്കിയ ക്രിമിയയും തമ്മിൽ ബന്ധിപ്പിക്കുന്ന പ്രധാന നഗരമായതിനാൽ എന്തു വിലകൊടുത്തും മരിയുപോൾ പിടിക്കുമെന്ന് റഷ്യ ഉറപ്പിച്ചമട്ടാണ്.
















