ന്യൂഡല്‍ഹി: ഹനുമാൻ ജയന്തി ആഘോഷവുമായി ബന്ധപ്പെട്ടുണ്ടായ സംഘർഷത്തിൽ അറസ്റ്റിലായവരിൽ അഞ്ച് പേര്‍ക്കെതിരെ ഡല്‍ഹി പൊലീസ് ദേശീയ സുരക്ഷാ നിയമപ്രകാരം കേസെടുത്തു. മുഖ്യപ്രതി അൻസാർ,സലിം, ഇമാം ഷെയ്ഖ് എന്ന സോനു, ദിൽഷാദ്, അഹിർ എന്നിവര്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്.
നേരത്തെ അക്രമസംഭവങ്ങളിൽ ഉൾപ്പെട്ടവര്‍ക്കെതിരെ കര്‍ശന നടപടി വേണമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഡല്‍ഹി പൊലീസ് കമ്മീഷണറോട് ആവശ്യപ്പെട്ടിരുന്നു. ഇതേവരെ 25 പേരാണ് കേസിൽ അറസ്റ്റിലായത്. ഇവരിൽ മൂന്ന് പേര്‍ പ്രായപൂര്‍ത്തിയാകാത്തവരാണ്.
സംഭവത്തിൽ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് ദില്ലി പൊലീസ് പ്രാഥമിക റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ട്. സംഘർഷത്തിന് പിന്നിൽ ക്രമിനൽ ഗൂഢാലോചനയെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. ശോഭ യാത്രക്ക് നേരെയുണ്ടായ അതിക്രമമാണ് സംഘർഷത്തിൽ കലാശിച്ചെന്നാണ് കണ്ടെത്തൽ.
















