പാലക്കാട്: സുബൈര്‍ വധക്കേസിലെ പ്രതികള്‍ കൊലപാതകത്തിന് ശേഷം ഉപേക്ഷിച്ച നാല് വടിവാളുകള്‍ കണ്ടെത്തി. പ്രതികളായ രമേശ്, അറുമുഖം, ശരവണന് എന്നിവരുമായി അന്വേഷണ സംഘം കോരയാര്‍ പുഴയില്‍ നടത്തിയ തെളിവെടുപ്പിനിടെയാണ് വടിവാളുകള്‍ കണ്ടെത്തിയത്.
കൊലപാതകത്തിന് ശേഷം കാറിലെത്തിയ പ്രതികള്‍ കോരയാര്‍ പുഴയുടെ ആളൊഴിഞ്ഞ തീരത്തായാണ് ആയുധനങ്ങള്‍ ഉപേക്ഷിച്ചത്. പ്രതികളുമായി ഒരുമണിക്കൂറോളം അന്വേഷണ സംഘം ഇവിടെ തെളിവെടുപ്പ് നടത്തി. പ്രതികള്‍ ഒളിവില്‍ കഴിഞ്ഞ സ്ഥലത്തും ഇന്നുതന്നെ തെളിവെടുപ്പ് നടത്തും.
ആർഎസ്എസ് പ്രവർത്തകൻ സഞ്ജിത്തിനെ കൊലപ്പെടുത്തിയതിലെ പ്രതികാരമായാണ് സുബൈറിനെ കൊലപ്പെടുത്തിയതെന്ന് എഡിജിപി വിജയ് സാഖറെ പറഞ്ഞു. കൊലപാതകം ആസൂത്രണം ചെയ്തത് സഞ്ജിത്തിന്റെ അടുത്ത സുഹൃത്തായ രമേശാണ്. അറസ്റ്റിലായ രമേശ്, അറുമുഖൻ, ശരവണൻ എന്നിവർ ആർഎസ്എസ് പ്രവർത്തകരാണെന്നും അദ്ദേഹം പറഞ്ഞു.
തനിക്ക് എന്തെങ്കിലും സംഭവിച്ചാൽ കാരണം സുബൈർ ആണെന്ന് സഞ്ജിത്ത് രമേശിനോട് പറഞ്ഞിരുന്നു. നേരത്തെയും പ്രതികൾ കൊലനടത്താനുള്ള ശ്രമം നടത്തിയിട്ടുണ്ട്. സംഭവത്തിൽ ഗൂഢാലോചനയും അന്വേഷിക്കുന്നുണ്ടെന്നും പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കുമെന്നും വിജയ് സാഖറെ പറഞ്ഞു.
ഏപ്രില്‍ എട്ട്, ഒന്‍പത് തീയതികളില്‍ സുബൈറിനെ വധിക്കാന്‍ പ്രതികള്‍ പദ്ധതിയിട്ടിരുന്നു. എന്നാല്‍ പ്രദേശത്ത് പോലീസ് സാന്നിധ്യം ഉണ്ടായതിനാല്‍ അന്നു കൃത്യം നടത്താനായില്ല. തുടര്‍ന്നാണ് ഏപ്രില്‍ 15ന് കൊലപാതകം നടത്തിയത്.

















