റിയാദ്: രാജ്യത്തേക്ക് വിദേശികളുടെ ആശ്രിതരായി എത്തുന്നവരുടെ സന്ദർശന വിസയുടെ കാലാവധി ഓൺലൈനായി പുതുക്കാൻ കഴിയാത്തവർക്ക് പരിഹാരം നിർദേശിച്ച് സൗദി പാസ്പോർട്ട് (ജവാസത്ത്) ഡയറക്ടറേറ്റ്. ആഭ്യന്തര മന്ത്രാലയത്തിൻറെ ഓൺലൈൻ പ്ലാറ്റ്‌ഫോമായ ‘അബഷിർ’ വഴി വിസാകാലാവധി ദീർഘിപ്പിക്കാൻ പ്രശ്‌നങ്ങൾ നേടിരുന്നവർക്ക് അതെ പ്ലാറ്റ്‌ഫോമിലെ തന്നെ ‘തവാസുൽ’ സേവനം പ്രയോജനപ്പെടുത്താമെന്ന് സൗദി ജവാസത്ത് ഡയറക്ടറേറ്റ് നിർദേശിച്ചു.
ഫാമിലി സന്ദർശന വിസ ദീർഘിപ്പിക്കാൻ പ്രശ്‌നങ്ങൾ നേരിട്ട് തവാസുൽ സേവനം വഴി ബന്ധപ്പെടുന്നവരുടെ പ്രശ്‌നങ്ങൾ പരിഹരിക്കുമെന്നും ജവാസത്ത് അറിയിച്ചു. അബ്ഷിർ വഴി ഫാമിലി സന്ദർശന വിസ ദീർഘിപ്പിക്കൽ നടപടികൾ പൂർത്തിയാക്കാൻ സാധിക്കുന്നില്ലെന്ന് നിരവധി ഉപയോക്താക്കൾ കഴിഞ്ഞ ദിവസങ്ങളിൽ പരാതിപ്പെട്ടിരുന്നു. അബ്ഷിർ വഴി പലതവണ ശ്രമിച്ചിട്ടും ഫാമിലി സന്ദർശന വിസ ദീർഘിപ്പിക്കാൻ സാധിച്ചില്ലെന്ന് ഇവർ പരാതിപ്പെട്ടു. വ്യക്തമായ കാരണമില്ലാതെയാണ് വിസ ദീർഘിപ്പിക്കാൻ സാധിക്കാത്തതെന്നും ഇവർ പറഞ്ഞു.
ഫാമിലി സന്ദർശന വിസ ദീർഘിപ്പിക്കൽ നടപടികൾ പൂർത്തിയാക്കുന്നതിന് നേരിടുന്ന പ്രശ്‌നങ്ങൾ വ്യക്തമാക്കി തവാസുൽ സേവനം വഴി ജവാസാത്ത് ഡയറക്ടറേറ്റിലേക്ക് മെസേജ് അയക്കുകയാണ് വേണ്ടതെന്ന് ജവാസത്ത് പറഞ്ഞു. അബ്ഷിർ ഇൻഡിവിജ്വൽസ് പ്ലാറ്റ്‌ഫോമിലെ തങ്ങളുടെ അക്കൗണ്ടിൽ പ്രവേശിച്ച് യഥാക്രമം സർവിസ്, മൈ സർവിസസ്, പാസ്പോർട്സ്, തവാസുൽ എന്നിവ ക്ലിക്ക് ചെയ്ത ശേഷം ന്യൂ റിക്വസ്റ്റ്, സെക്ടർ, സർവിസസ് എന്നിവ തെരഞ്ഞെടുത്താണ് ഈ സേവനം പ്രയോജനപ്പെടുത്തേണ്ടതെന്നും ജവാസാത്ത് ഡയറക്ടറേറ്റ് പറഞ്ഞു.