പ്രൊഫഷണൽ ഇന്റേണുകൾ വഴി ഓരോ പഞ്ചായത്തിലും കൂടുതൽ സംരംഭങ്ങൾ കൊണ്ടുവരാൻ കഴിയുമെന്ന് മന്ത്രി പി. രാജീവ്. ടാർഗറ്റ് അടിസ്ഥാനമാക്കിയുള്ള പ്രവർത്തനമായതിനാൽ പഞ്ചായത്തുകളും അതുവഴി സംസ്ഥാനം മുഴുവനായും സംരംഭങ്ങൾ ഉയരും. ഒരു വർഷത്തിനുള്ളിൽ ഒരു ലക്ഷം സംരംഭങ്ങൾ തുടങ്ങുന്നതിന്റെ ഭാഗമായുള്ള പ്രചാരണ വീഡിയോകൾ പ്രകാശനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി.
പ്രൊഫഷണൽ ഇന്റേൺ തസ്തികയിൽ 1175 പേരെ നിയമിക്കുന്നതിനുള്ള നടപടികൾ പൂർത്തിയായിട്ടുണ്ട്. അടുത്ത ദിവസങ്ങളിൽ തന്നെ ഇവർ വിവിധ പഞ്ചായത്തുകളിൽ പ്രവർത്തനം തുടങ്ങും. ഒരു മാസം 12 സംരംഭങ്ങൾക്ക് അനുമതി നൽകണമെന്നത് നിർബന്ധമാണ്. അതുകൊണ്ട് നിബന്ധനകൾ പാലിക്കുന്ന സംരംഭകർക്ക് അനുമതി നിഷേധിക്കുന്ന അവസ്ഥയുണ്ടാകില്ല.
വീടുകളിൽ തന്നെ സൗകര്യമനുസരിച്ചു ചെറു സംരംഭങ്ങൾ ആരംഭിക്കാൻ സാധിക്കുന്ന തരത്തിൽ നിയമത്തിൽ മാറ്റം വരുത്താൻ ശ്രമിക്കുമെന്ന് മന്ത്രി പറഞ്ഞു. ഓരോ പഞ്ചായത്ത് ഓഫീസുകൾക്ക് സമീപവും ‘മെയിഡ് ഇൻ കേരള’ എന്ന പേരിൽ കേരളത്തിൽ ഉദ്പാദിപ്പിച്ച ഉത്പന്നങ്ങൾ വിറ്റഴിക്കുന്നതിനുള്ള കേന്ദ്രങ്ങൾ ആരംഭിക്കുന്നതും ആലോചനയിലുണ്ടെന്നു മന്ത്രി കൂട്ടിച്ചേർത്തു.

















