കൊച്ചി : നടിയെ ആക്രമിച്ച കേസിലെ അന്വേഷണം തുടരാമെന്ന് പ്രത്യേക സംഘത്തിന് ഹൈക്കോടതി നിര്‍ദ്ദേശം. ഒന്നര മാസം കൂടിയാണ് അന്വേഷണ സംഘത്തിന് സമയം അനുവദിച്ചിരിക്കുന്നത്. മെയ് 30ന് മുന്‍പ് അന്വേഷണം പൂര്‍ത്തിയാക്കണമെന്നാണ് കോടതി നിര്‍ദേശം.
തുടരന്വേഷണത്തിന് 3 മാസം കൂടി സമയം നീട്ടി നല്‍കണമെന്നാവശ്യപ്പെട്ട് പ്രോസിക്യൂഷന്‍ സമര്‍പ്പിച്ച അപേക്ഷയിലാണ് സിംഗിള്‍ ബെഞ്ചിന്റെ ഉത്തരവ്.
ഒപ്പം കേസിലെ എഫ്‌ഐആര്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ദിലീപ് നല്‍കിയ ഹര്‍ജിയും ഹൈക്കോടതി തള്ളി.
ഒരു വീട്ടില്‍ ഇരുന്ന് ആലോചിച്ചാല്‍ അത് ഗൂഢാലോചന ആകില്ല. തുടരന്വേഷണത്തിന് കൂടുതല്‍ സമയം ആവശ്യപ്പെടുന്നത് തനിക്കെതിരെ വ്യാജ തെളിവുകള്‍ ഉണ്ടാക്കിയെടുക്കുന്നതിനായാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ കൂടുതല്‍ സമയം ചോദിക്കുന്നതെന്നും ദിലീപ് ഹൈക്കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ അറിയിച്ചെങ്കിലും ഇത് റദ്ദാക്കുന്നുവെന്ന് ഒറ്റവാക്കില്‍ അറിയിച്ച് ഹൈക്കോടതി തള്ളുകയായിരുന്നു.
ഈ കേസ് നടിയെ ആക്രമിച്ച കേസിന്റെ ഭാവിയേയും ബാധിക്കുന്നതാണ്. അതിനാല്‍ കേസ് റദ്ദാക്കുന്നില്ലെങ്കില്‍ കേസ് അന്വേഷണം സിബിഐക്ക് വിടണമെന്നും ദിലീപ് ആവശ്യപ്പെട്ടിരുന്നു. ഇതും കോടതി തള്ളിയിട്ടുണ്ട്.

















