കോട്ടയം: ഉപഭോക്താക്കൾ ഏറ്റവും കൂടുതൽ ആശ്രയിച്ചിരുന്ന കേരഫെഡിന്റെ കേര വെളിച്ചെണ്ണയ്ക്ക് വിപണിയിൽ ക്ഷാമം നേരിടുന്നതായി റിപ്പോർട്ടുകൾ. ഇതോടെ, ഗുണനിലവാരമില്ലാത്ത വെളിച്ചെണ്ണയുടെ വില്പന വ്യാപകമായി. ഗുണനിലവാരമില്ലാത്ത എണ്ണയുടെ ഉപയോഗം നിരവധി ആരോഗ്യപ്രശ്നങ്ങൾക്കും ഇടയാക്കും. സർക്കാർ നിയന്ത്രണത്തിലുള്ള വിതരണകേന്ദ്രങ്ങളിൽ ഉൾപ്പെടെ നിലവിൽ കേര വെളിച്ചെണ്ണ ലഭ്യമല്ല. കേരഫെഡ് ഉദ്പാദനം താൽക്കാലികമായി നിറുത്തിയിരിക്കുകയാണ്.
സ്വകാര്യ എണ്ണ കമ്പനികളെ സഹായിക്കാൻ ഒരു വിഭാഗമാളുകൾ ഒത്തുകളിക്കുന്നത് മൂലമാണ് കേര എണ്ണ വിപണിയിൽ ലഭ്യമല്ലാത്തതെന്നും ആക്ഷേപമുണ്ട്. സാഹചര്യം മുതലാക്കി സ്വകാര്യ കമ്പനികൾ, ഗുണനിലവാരം കുറഞ്ഞ എണ്ണകൾ വിൽപ്പനയ്ക്കെത്തിക്കുന്നുണ്ട്. ഇതിൽ പലതും കേട്ടുകേൾവിയില്ലാത്തവയാണ്. അന്യസംസ്ഥാനങ്ങളിൽ നിന്ന് എത്തിക്കുന്ന വെളിച്ചണ്ണയും വിപണിയിൽ സുലഭമാണ്.