ഡൽഹി: സിഖ് ഗുരു തേജ് ബഹാദൂറിന്റെ 400-ാം പ്രകാശ് പുരബിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഏപ്രിൽ 21 ന് ചരിത്രപ്രസിദ്ധമായ ചെങ്കോട്ടയിൽ നിന്ന് രാജ്യത്തെ അഭിസംബോധന ചെയ്യുമെന്ന് സാംസ്കാരിക മന്ത്രാലയം അറിയിച്ചു.
ചടങ്ങിൽ സ്മരണിക നാണയവും തപാൽ സ്റ്റാമ്പും പ്രധാനമന്ത്രി പ്രകാശനം ചെയ്യും. നാനൂറ് ‘രാഗികൾ’ (സിഖ് സംഗീതജ്ഞർ) ഒരു ‘ശബാദ് കീർത്തന’ത്തിൽ അവതരിപ്പിക്കുമെന്ന് മന്ത്രാലയം അറിയിച്ചു.
ഡൽഹി സിഖ് ഗുരുദ്വാര മാനേജ്‌മെന്റ് കമ്മിറ്റിയുമായി സഹകരിച്ച് മന്ത്രാലയമാണ് പരിപാടി സംഘടിപ്പിക്കുന്നത്. വിവിധ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും രാജ്യത്തിനകത്തും പുറത്തുമുള്ള നിരവധി പ്രമുഖർ ആഘോഷത്തിന്റെ ഭാഗമാകുമെന്നും അറിയിച്ചു.
ആസാദി കാ അമൃത് മഹോത്സവിന്റെ ഭാഗമായാണ് സിഖ് ഗുരു തേജ് ബഹാദൂറിന്റെ 400-ാം പ്രകാശ് പുരബ് (ജന്മവാർഷികം) പരിപാടി സംഘടിപ്പിക്കുന്നതെന്ന് കേന്ദ്ര സാംസ്‌കാരിക, ടൂറിസം മന്ത്രി ജി കിഷൻ റെഡ്ഡി പറഞ്ഞു.
“ധാർമ്മിക വിശ്വാസങ്ങളുടെ സ്വാതന്ത്ര്യം സംരക്ഷിച്ചുകൊണ്ട് ഗുരു തേജ് ബഹാദൂർ മുഗളന്മാരുടെ അതിക്രമങ്ങൾക്കെതിരെ നിലകൊണ്ടു. സിഖുകാരുടെയും ഹിന്ദുക്കളുടെയും, പ്രത്യേകിച്ച് കശ്മീരി പണ്ഡിറ്റുകളുടെയും, നിർബന്ധിത മതപരിവർത്തനത്തെ എതിർത്ത് അവരുടെ വിശ്വാസങ്ങൾ ആചരിക്കുന്നതിനുള്ള അവകാശങ്ങൾക്കായി അദ്ദേഹം പോരാടി,” അദ്ദേഹം പറഞ്ഞു.
വിവിധ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരെയും അമൃത്‌സറിലെ ഹർമന്ദിർ സാഹിബ്, പട്‌ന സാഹിബ്, രാജ്യത്തുടനീളമുള്ള പ്രമുഖ ഗുരുദ്വാരകളിൽ നിന്നുള്ള മറ്റ് നേതാക്കളും ഉൾപ്പെടെയുള്ള പ്രമുഖ സിഖ് നേതാക്കളെയും ഞാൻ വ്യക്തിപരമായി ക്ഷണിച്ചിട്ടുണ്ട്,” റെഡ്ഡി പറഞ്ഞു.
















