മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് മത്സരത്തില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെ തകര്‍ത്ത് രാജസ്ഥാന് റോയല്‍സിന് ഏഴു റൺസിന്റെ വിജയം. ഹാട്രിക് നേടിയ രാജസ്ഥാൻ സ്പിന്നർ യുസ്വേന്ദ്ര ചെഹലാണ് രാജസ്ഥാന് വിജയം സമ്മാനിച്ചത്. .
217 റൺസെടുത്ത രാജസ്ഥാന്റെ സ്കോർ പിന്തുടർന്ന കൊൽക്കത്ത, ക്യാപ്റ്റൻ ശ്രേയസ്സ് അയ്യരുടെയും (51 പന്തിൽ 85), ഓപ്പണർ ആരോൺ ഫിഞ്ചിന്റെയും (28 പന്തിൽ 58) അർധസെഞ്ചുറിയുടെ ബലത്തിൽ അതിവേഗം വിജയത്തിലേക്ക് അടുക്കുമെന്ന് കരുതിയെങ്കിലും ചെഹൽ എറിഞ്ഞ 17–ാം ഓവറിൽ മത്സരത്തിൽ നിർണായക വഴിത്തിരിവാകുകയായിരുന്നു. ഓവറിന്റെ അവസാന മൂന്നു പന്തുകളിൽ ശ്രേയസ്സ് അയ്യരടക്കം മൂന്നു പേരുടെ വിക്കറ്റുകൾ വീഴ്ത്തിയാണ് ചെഹൽ മത്സരം രാജസ്ഥാന്റെ വരുതിയിലാക്കിയത്.
ടോസ് നേടിയ കൊല്‍ക്കത്ത നായകന് ശ്രേയസ് അയ്യര്‍ രാജസ്ഥാനെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു. തകര്‍പ്പന്‍ ഫോമില്‍ കളിക്കുന്ന ജോസ് ബട്ലറുടെ സെഞ്ച്വറി 103(61) ആണ് രാജസ്ഥാന് ഗംഭീര സ്കോര്‍ സമ്മാനിച്ചത്. സീസണില്‍ ബട്ലര് നേടുന്ന രണ്ടാമത്തെ സെഞ്ച്വറിയാണ് ഇന്നത്തേത്.
ഒന്നാം വിക്കറ്റില്‍ ദേവ്ദത്ത് പടിക്കല്‍ 24(18) ബട്ലര് സഖ്യം 9.4 ഓവറില്‍ 97 റണ്‍സ് കൂട്ടുകെട്ടുണ്ടാക്കിയ ശേഷമാണ് പിരിഞ്ഞത്. മൂന്നാമനായി ക്രീസിലെത്തിയ സഞ്ജു സാംസണും തകര്‍ത്തടിച്ചു. 19 പന്തില്‍ നിന്ന് രണ്ട് സിക്സും മൂന്ന് ഫോറും അടിച്ച സഞ്ജു ബട്ലര്ക്കൊപ്പം 14ാം ഓവറില്‍ ടീം സ്കോര്‍ 150 കടത്തി. പിന്നീട് അവസാന ഓവറുകളില്‍ റണ്‍നിരക്ക് ഉയര്‍ത്താനുള്ള ശ്രമത്തിനിടെയാണ് ഇരുവരും പുറത്തായത്. ഷിംറോണ്‍ ഹെറ്റ്മയര്‍ 13 പന്തില്‍ 26 റണ്‍സ് നേടി പുറത്താകാതെ നിന്നു.
രാജസ്ഥാന് വേണ്ടി റിയാന്‍ പരാഗ് അഞ്ച് റണ്‍സും കരുണ്‍ നായര്‍ മൂന്ന് റണ്‍സും നേടി പുറത്തായി. രവിചന്ദ്രന്‍ അശ്വിന് രണ്ട് റണ്‍സ് നേടി പുറത്താകാതെ നിന്നു.
കൊല്‍ക്കത്തയ്ക്ക് വേണ്ടി സുനില്‍ നരെയ്ന് രണ്ട് വിക്കറ്റ് വീഴ്ത്തി. ശിവം മാവി, പാറ്റ് കമ്മിന്‍സ് ആന്ദ്രെ റസല്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.