കാർ നിർമാതാക്കളായ മാരുതി എല്ലാ മോഡലുകൾക്കും വില വർധിപ്പിക്കുന്നു

ന്യൂഡൽഹി: രാജ്യത്തെ ഏറ്റവും വലിയ കാർ നിർമാതാക്കളായ മാരുതി എല്ലാ മോഡലുകൾക്കും വില വർധിപ്പിക്കുന്നു. 0.9 ശതമാനം മുതൽ1.9 ശതമാനം വരെ വില വർധിക്കുമെന്നാണ് മാരുതി ഔദ്യോഗികമായി അറിയിക്കുന്നത്. ചെലവുകൾ വർധിച്ചതിനാലാണ് വിലയും വർധിപ്പിക്കുന്നത് എന്നാണ് മാരുതിയുടെ വിശദീകരണം. ആൾട്ടോ മുതൽ എസ് ക്രോസ് വരെയുള്ള വാഹനങ്ങൾക്ക് വിലയേറും. ഏപ്രിൽ 18 മുതൽ വില വർധന നിലവിൽ വരും.

സ്റ്റീൽ, ചെമ്പ്, അലൂമിനിയം തുടങ്ങിയ സാധനങ്ങളുടെ വില വർധിച്ചതിനാലാണ് തങ്ങളും വില വർധിപ്പിക്കാൻ നിർബന്ധിതരായതെന്ന് മാരുതി വിശദീകരിക്കുന്നു. 2021 ജനുവരിക്കും 2022 മാർച്ചിനുമിടയിൽ 8.8 ശതമാനം വരെ വില മാരുതി വർധിപ്പിച്ചിരുന്നു. കഴിഞ്ഞയാഴ്ചയാണ് മഹീന്ദ്ര കാറുകൾക്ക് 2.5 ശതമാനം വില വർധിപ്പിച്ചത്. ടൊയോട്ട ഏപ്രിൽ ഒന്നു മുതൽ നാല് ശതമാനമാണ് വില വർധിപ്പിച്ചത്.