സന്തോഷ് ട്രോഫി ഫുട്ബോൾ ചാമ്പ്യൻഷിപ്പിൽ കേരളത്തിന് രണ്ടാം ജയം. മഞ്ചേരി പയ്യനാട് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ എതിരില്ലാത്ത രണ്ട് ഗോളിന് കരുത്തരായ ബംഗാളിനെ കേരളം പരാജയപ്പെടുത്തി. കളിയുടെ 84-ാം മിനിറ്റിലും എക്സ്ട്രാ ടൈമിലുമാണ് കേരളം ഗോൾ നേടിയത്. നൗഫൽ പി എൻ, ജെസിൻ ടി.കെ എന്നിവരാണ് കേരളത്തിനായി വല കുലുക്കിയത്.
26-ാം മിനിറ്റില്‍ നിജോ ഗില്‍ബര്‍ട്ടിന്റെ മികച്ചൊരു ക്രോസ് ബംഗാള്‍ ഗോളി പ്രിയന്ത്കുമാര്‍ പിടിച്ചെടുത്തു. തുടക്കത്തില്‍ അല്പം പതറിയെങ്കിലും മികച്ചകളിയാണ് കേരളം പുറത്തെടുത്തത്.
ആദ്യ പകുതിയിൽ ഇഞ്ചോടിഞ്ച് പോരാട്ടമാണ് കേരളവും പശ്ചിമ ബംഗാളും പുറത്തെടുത്തത്. തുടക്കം മുതല്‍ ആക്രമിച്ചു കളിച്ച ഇരുടീമുകള്‍ക്കും നിരവധി അവസരങ്ങള്‍ ലഭിച്ചു. പക്ഷേ ഗോൾ കണ്ടെത്താൻ കഴിയാതെ പോയി. രണ്ടാം പകുതിയില്‍ കടുത്ത ആക്രമണം അഴിച്ച് വിട്ട കേരളത്തിന് മിനിറ്റുകള്‍ ഇടവിട്ട് അവസരങ്ങള്‍ ലഭിച്ചു.
85-ാം മിനിറ്റില്‍ ജെസിന് തുടങ്ങി വെച്ച മുന്നേറ്റത്തിനൊടുവിലായിരുന്നു കേരളത്തിന്റെ ആദ്യ ഗോള്‍. ജെസിന് നല്കിയ പന്ത് ക്യാപ്റ്റന്‍ ജിജോ ജോസഫ് രണ്ട് ബംഗാള്‍ ഡിഫന്‍ഡര്‍മാര്‍ക്കിടയിലൂടെ നൗഫലിന് നല്കി. ഒട്ടും സമയം പഴാക്കാതെ നൗഫല്‍ പന്ത് വലയിലെത്തിച്ചു.
രണ്ടാം പകുതിയില്‍ മികച്ച അവസരങ്ങള്‍ നഷ്ടപ്പെടുത്തിയ കേരളത്തിന് ആശ്വാസമായി ഈ ഗോള്‍. 49,51,52 മിനിറ്റുകളില്‍ ലഭിച്ച മികച്ച അവസരങ്ങള്‍ കേരളം നഷ്ടപ്പെടുത്തിയിരുന്നു. 49-ാം മിനിറ്റില്‍ ഒരു സുവര്‍ണാവസരം കേരളം നഷ്ടപ്പെടുത്തി. ബംഗാള്‍ ഗോളിയുടെ പിഴവില്‍നിന്ന് പന്ത് പിടിച്ചെടുത്ത ഷിഗില്‍ നല്കിയ പന്ത് പക്ഷെ, വിഘ്നേഷ് ബാറിന് മുകളിലൂടെ പറത്തി.
പിന്നാലെ ഇന്‍ജുറി ടൈമിന്റെ മൂന്നാം മിനിറ്റില്‍ മുഹമ്മദ് സഹീഫിന്റെ പാസില്‍നിന്ന് ജെസിന് കേരളത്തിന്റെ രണ്ടാം ഗോള്‍ നേടി. ബംഗാള്‍ പ്രതിരോധ താരങ്ങളുടെ തളര്‍ച്ച മുതലെടുത്ത് സഹീഫ് ഒരുക്കിയ അവസരം ജെസിന് കൃത്യമായി വിനിയോഗിക്കുകയായിരുന്നു.
രാജസ്ഥാനെതിരായ മത്സരത്തില്‍ നിന്ന് മാറ്റവുമായാണ് കേരളം കളത്തിലിറങ്ങിയത്. മുന്നേറ്റത്തില്‍ സഫ്നാദിന് പകരം ബെംഗളുരൂ എഫ്സി താരം ശിഖില്‍ ഇടം നേടി. തുടർച്ചയായ രണ്ടാം ജയത്തോടെ കേരളം ഗ്രൂപ്പിൽ ഒന്നാമതാണ്.
അതേസമയം നേരത്തെ നടന്ന മത്സരത്തില്‍ മേഘാലയ ജയിച്ചു. രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് രാജസ്ഥാനെ തോല്‍പ്പിച്ചത്. രാജസ്ഥാന്റെ തുടര്‍ച്ചയായ രണ്ടാം തോല്‍വിയാണിത്. ആദ്യ മത്സരത്തില്‍ കേരളത്തോട് എതിരില്ലാത്ത അഞ്ച് ഗോളിന് പരാജയപ്പെട്ടിരുന്നു. മേഘാലയക്ക് വേണ്ടി ഫിഗോ സിന്‍ഡായി ഇരട്ടഗോള്‍ നേടി. ക്യാപ്റ്റന്‍ ഹോര്‍ഡി ക്ലിഫ് നോണ്‍ഗബ്രി ഒരു ഗോള്‍ നേടി. രാജസ്ഥാന് വേണ്ടി യുവരാജ് സിംങ്, ഇമ്രാന് ഖാന് എന്നിവര്‍ ഓരോ ഗോള്‍ വീതവും നേടി.