മസ്കത്ത്: എട്ടു വിഭാഗം സാമ്പത്തിക ഇടപാടുകൾക്ക് ഇ പേമെൻറ് സംവിധാനം നിർബന്ധമാക്കി വാണിജ്യ, വ്യവസായ, നിക്ഷേപക പ്രോത്സാഹന മന്ത്രാലയം ഉത്തരവിറക്കി. സ്വർണം, വെള്ളി അടക്കമുള്ളവ ഇ പേമെൻറ് വിഭാഗത്തിൽ ഉൾപ്പെടുന്നുണ്ട്. ഭക്ഷ്യോൽപന്നങ്ങളുടെ വിൽപന, സ്വർണം, വെള്ളി ആഭരണങ്ങളുടെ വിൽപന, റസ്റ്റാറൻറ്, കഫെ, പച്ചക്കറി, പഴം വർഗ വ്യാപാരം, ഇലക്ട്രോണിക് ഉൽപന്നങ്ങളുടെ വ്യാപാരം, കെട്ടിട നിർമാണ ഉൽപന്നങ്ങളുടെ വ്യാപാരം, പുകയില വ്യാപാരം എന്നിവക്കാണ് ഇ പേമെൻറ് നിർബന്ധമാക്കിയത്. വ്യവസായ മേഖല, കോംപ്ലക്സുകൾ, വാണിജ്യ കേന്ദ്രങ്ങൾ, ഗിഫ്റ്റ് മാർക്കറ്റ് എന്നിവിടങ്ങളിലെ എല്ലാ ഇടപാടുകൾക്കും ഇ പേമെൻറ് നിർബന്ധമാണ്.
ഈ വിഭാഗത്തിൽപെട്ട ഉൽപന്നങ്ങൾ വിൽപന നടത്തുന്ന സ്ഥാപനങ്ങൾ എല്ലാ ഉപേഭാക്താക്കൾക്കും ഇ പേമെൻറ് സൗകര്യം നൽകണമെന്നാണ് നിയമത്തിലുള്ളത്. വരുന്ന 20 ദിവസത്തിനുള്ളിൽ ഇത്തരം സ്ഥാപനങ്ങളിൽ ഇ പേമെൻറ് സംവിധാനം നടപ്പാക്കണം. നിയമം ലംഘിക്കുന്നവർക്ക് 100 റിയാൽ പിഴ ചുമത്തും. കഴിഞ്ഞ വർഷം മന്ത്രാലയം പുറത്തിറക്കിയ ഉത്തരവ് അനുസരിച്ച് ഈ വർഷം ജനുവരി ഒന്നു മുതൽ നിയമം നടപ്പാക്കുമെന്ന് നേരത്തേ പുറപ്പെടുവിച്ച ഉത്തരവിലുണ്ടായിരുന്നു. സ്ഥാപനങ്ങൾക്ക് ഇ പേമെൻറ് മെഷീനുകൾ വേണ്ട സൗകര്യങ്ങൾ നൽകണമെന്നും ഇവ ഇൻസ്റ്റാൾമെൻറ് അടിസ്ഥാനത്തിൽ നൽകാൻ സൗകര്യം ഒരുക്കണമെന്നും സെൻട്രൽ ബാങ്ക് മറ്റു ബാങ്കുകളോട് ആവശ്യപ്പെട്ടിരുന്നു.