തിരുവനന്തപുരം: വാഹനങ്ങളിലെ ഗ്ലാസുകളില്‍ സണ്‍ ഫിലിം ഒട്ടിക്കുവാന്‍ അനുമതിയില്ലെന്ന് ഗതാഗത മന്ത്രി ആന്റണി രാജു. നിയമം ലംഘിക്കുന്നവര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
നിലവില്‍ വാഹനങ്ങളില്‍ സണ്‍ ഫിലിം ഉപയോഗിക്കാന്‍ നിയമം അനുവദിക്കാത്തതിനാല്‍ ലംഘിക്കുന്നവര്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ മന്ത്രി ആന്റണി രാജു ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ക്ക് നിര്‍ദേശം നല്കി.
വാഹനങ്ങളുടെ മുന്നില്‍ സേഫ്റ്റി ഗ്ലാസുകളില്‍ കുറഞ്ഞത് 70 ശതമാനവും വശങ്ങളില് 50 ശതമാനവും സുതാര്യത ഉറപ്പ് വരുത്തണമെന്ന് കേന്ദ്ര മോട്ടോര്‍ വാഹനചട്ടത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. കൂളിങ് ഫിലിം, റ്റിന്റഡ് ഫിലിം, ബ്ലാക്ക് ഫിലിം എന്നിവ വാഹനങ്ങളുടെ ഗ്ലാസുകളില്‍ ഒട്ടിക്കരുത് എന്ന് കോടതി വിധിയും നിലവിലുണ്ട്.
2020 ജൂലായിലെ കേന്ദ്ര മോട്ടോര്‍വാഹന നിയമഭേദഗതിപ്രകാരം ബി.ഐ.എസ്. നിഷ്കര്‍ഷിക്കുന്ന ഗ്ലാസുകളാണ് വാഹനങ്ങളില്‍ ഉപയോഗിക്കേണ്ടത്. മുന്‍വശത്തെയും പിന്നിലെയും ചില്ലുകള്‍ക്ക് 70 ശതമാനവും വശങ്ങളില് 50 ശതമാനവും സുതാര്യത വേണം. ഇത് വാഹനത്തിന്റെ നിര്‍മാണ വേളയില്‍ത്തന്നെ ഉറപ്പാക്കണമെന്ന് ഭേദഗതി നിഷ്കര്‍ഷിക്കുന്നു.
കേന്ദ്ര ഭേദഗതിക്കു മുമ്പ് വാഹനങ്ങളില്‍ സുരക്ഷാ ഗ്ലാസുകള്‍ ഉപയോഗിക്കണമെന്നു മാത്രമാണ് നിഷ്കര്‍ഷിച്ചിരുന്നത്. ഗ്ലാസുകളുടെ സുതാര്യത ഏതു ഘട്ടത്തില്‍ ഉറപ്പാക്കണമെന്ന് വ്യവസ്ഥ ചെയ്തിരുന്നില്ല. നിയമഭേദഗതി 2021 ഏപ്രില്‍ ഒന്നുമുതല്‍ നടപ്പാക്കാനായിരുന്നു ആദ്യ തീരുമാനം. പിന്നീട് രണ്ടുവര്‍ഷത്തേക്കു നീട്ടി. 2023 ഏപ്രിലാണ് അവസാന തീയതി.
പ്ലാസ്റ്റിക് പാളി ചേര്‍ത്ത ഗ്ലാസുകളുടെ നിര്‍വചനമാണ് ബി.ഐ.എസില്‍ പുതുതായി വന്നത്. നിര്‍ദിഷ്ട സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കുന്ന ഗ്ലാസുകള്‍ (സേഫ്റ്റി ഗ്ളേസിങ്) നിര്‍മാതാക്കള്‍ക്ക് ഉപയോഗിക്കാം. ഓട്ടോമൊബൈല്‍ റിസര്‍ച്ച് അസോസിയേഷന്, ഇന്ത്യ പോലുള്ള അംഗീകൃത സ്ഥാപനങ്ങളുടെ പരിശോധനയ്ക്കു ശേഷമാണ് പുതിയ വാഹന മോഡലുകള്‍ക്ക് വില്‍പ്പനാനുമതി നല്‍കുന്നത്.
ഇതിനുശേഷം മാറ്റംവരുത്തുന്നത് നിയമവരുദ്ധമാണ്. ചില്ലുകളില്‍ കൂളിങ് പേപ്പറുകള്‍ പതിക്കുന്നതിനു പുറമേ കര്ട്ടന് ഇടുന്നതും നിയമവിരുദ്ധമാണെന്ന് കോടതി വിധിച്ചിട്ടുണ്ട്.

















