ന്യൂഡൽഹി: ലഫ്റ്റനന്റ് ജനറൽ മനോജ് പാണ്ഡെ പുതിയ കരസേനാ മേധാവി. ജനറൽ എം.എം. നരവനെ ഈമാസം മുപ്പതിന് വിരമിക്കുന്ന സാഹചര്യത്തിലാണ് നിയമനം. നിലവിൽ കരസേന ഉപമേധാവിയാണ് ലഫ്റ്റനന്റ് ജനറൽ മനോജ് പാണ്ഡെ.
രാജ്യത്തെ 29മത്തെ കരസേന മേധാവിയായിട്ടാണ് ലഫ്റ്റനന്റ് ജനറൽ മനോജ് പാണ്ഡെ ചുമതലയേൽക്കുക. സേനയിലെ കോർപ്‌സ് ഓഫ് എൻജിനീയേഴ്‌സ് വിഭാഗത്തിൽ നിന്നുള്ള ആദ്യ കരസേന മേധാവി കൂടിയാകും ഇദ്ദേഹം.
നാഷനൽ ഡിഫൻസ് അക്കാദമിയിൽ പഠനം പൂർത്തിയാക്കിയ മനോജ് പാണ്ഡെ 1982 ഡിസംബറിലാണ് എൻജിനീയേഴ്സ് കോറിൽ എത്തുന്നത്. ജമ്മു കശ്മീരിലെ നിയന്ത്രണ രേഖയിലെ പല്ലൻവാല സെക്ടറിൽ ഓപ്പറേഷൻ പരാക്രം സമയത്ത് എൻജനീയർ റെജിമെന്റിനെ നയിച്ചത് മനോജ് പാണ്ഡെയായിരുന്നു.
2001 ഡിസംബറിൽ പാർലമെന്റിന് നേരെ നടന്ന ഭീകരാക്രമണത്തിനു പിന്നാലെ ഇന്ത്യയെയും പാക്കിസ്ഥാനു യുദ്ധത്തിന്റെ വക്കോളമെത്തിയതിനെത്തുടർന്ന് പടിഞ്ഞാറൻ അതിർത്തിയിലേക്ക് വൻതോതിൽ സൈനികരെയും ആയുധങ്ങളെയും എത്തിച്ചത് ഓപ്പറേഷൻ പരാക്രമിലൂടെയാണ്.
വെസ്റ്റേൺ തിയറ്റർ കമാൻഡിലെ എൻജിനീയർ ബ്രിഗേഡ്, നിയന്ത്രണ രേഖയോട് ചേർന്നുള്ള ഇൻഫൻട്രി ബ്രിഗേഡ്, ലഡാക്ക് സെക്ടറിലെ മൗണ്ടൻ ഡിവിഷൻ തുടങ്ങിയവയ്ക്കും പാണ്ഡെ നേതൃത്വം നൽകി. കിഴക്കൻ കമാൻഡിന്റെ ചുമതലയേൽക്കുന്നതിനു മുൻപ് ആൻഡമാൻ നിക്കോബാർ കമാൻഡിന്റെ കമാൻഡർ ഇൻ ചീഫായിരുന്നു.
















