ദുബൈ: കഴിഞ്ഞമാസം തിരശ്ശീല വീണ എക്സ്പോ 2020 ദുബൈയിൽനിന്ന് ലഭിച്ച മെമൻറോകൾ ഓൺലൈനിൽ വിൽപനക്ക്. നിരവധി ദിവസങ്ങളെടുത്ത് വിവിധ പവിലിയനുകളിൽ കയറിയിറങ്ങി സീലുകൾ പതിപ്പിച്ച എക്സ്പോ പാസ്പോർട്ട് അടക്കമുള്ളവയാണ് ‘ഡുബിസെൽ’പോലുള്ള ഓൺലൈൻ സൈറ്റുകളിൽ വിൽപനക്ക് പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. എന്നാൽ, 1750 ദിർഹമാണ് പാസ്പോർട്ടിന് വിലയിട്ടിരിക്കുന്നത്. 100 രാജ്യങ്ങളുടെ സ്റ്റാമ്പ് പതിച്ചതാണിത്. എക്സ്പോയിൽ 20 ദിർഹത്തിനാണ് പാസ്പോർട്ട് ലഭിച്ചിരുന്നത്. ടിക്ടോക്കിലും സമാനമായ പോസ്റ്റുകൾ കാണുന്നുണ്ട്. വിവിധ രാജ്യങ്ങളുടെ സ്റ്റാമ്പ് പതിഞ്ഞ പാസ്പോർട്ടിന് ടിക്ടോക്കിൽ വിലയിട്ടിരിക്കുന്നത് 500 ദിർഹമാണ്. 200 പവിലിയനുകളുടെ സ്റ്റാമ്പ് പതിച്ച എക്സ്പോ മാപ്പിന് 5000 ദിർഹമാണ് വില.
എക്സ്പോ ഭാഗ്യചിഹ്നങ്ങളുടെ രൂപത്തിലുള്ള കളിപ്പാട്ടങ്ങൾ, എക്സ്പോ ലോഗോ പിന്നുകൾ, എക്സ്പോ-തീം മോണോപൊളി ബോർഡ് ഗെയിം, കൺട്രി പവിലിയനുകളിൽനിന്നുള്ള സമ്മാനങ്ങൾ എന്നിവയും വിൽപനക്കുള്ള മറ്റ് ഇനങ്ങളിൽ ഉൾപ്പെടുന്നു. ഇവയെല്ലാം എക്സ്പോയിൽ സൗജന്യമായി ലഭിച്ചിരുന്നതോ 300 ദിർഹത്തിൽ കൂടുതൽ വിലയില്ലാത്തതോ ആയിരുന്നു. മാർച്ച് 31ന് എക്സ്പോ അവസാനിച്ചതിനുശേഷമാണ് ഇത്തരം പരസ്യങ്ങൾ ഓൺലൈനിൽ പ്രത്യക്ഷപ്പെടാൻ തുടങ്ങിയത്.