മഞ്ചേരി: സന്തോഷ് ട്രോഫി ഫുട്ബോള്‍ ചാമ്പ്യൻഷിപ്പിൽ മേഘാലയക്ക് ജയത്തുടക്കം. ആവേശ പോരാട്ടത്തിൽ രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്ക് രാജസ്ഥാനെ പരാജയപ്പെടുത്തി.
ഫിഗോയുടെ ഇരട്ട ഗോൾ പ്രകടനമാണ് ജയം സമ്മാനിച്ചത്. ഹാർഡി നോങ്ബ്രി ഒരു ഗോൾ നേടി. യൂരാജ് സിംഗ്, ഇമ്രാൻ ഖാൻ എന്നിവരാണ് രാജസ്ഥാൻ്റെ ഗോൾ സ്കോറർമാർ.
രാജസ്ഥാന്റെ തുടര്‍ച്ചയായ രണ്ടാം തോല്‍വിയാണിത്. ആദ്യ മത്സരത്തില്‍ കേരളത്തോട് എതിരില്ലാത്ത അഞ്ച് ഗോളിന് പരാജയപ്പെട്ടിരുന്നു.
കേരളത്തിനെതിരായ ആദ്യ മത്സരത്തിലിറങ്ങിയ ആദ്യ ഇലവനില്‍ മൂന്ന് മാറ്റങ്ങളുമായാണ് രാജസ്ഥാന് ഇന്നിറങ്ങിയത്. രണ്ടാം മിനുട്ടില്‍ തന്നെ രാജസ്ഥാന് ലീഡെടുത്തു. പകരക്കാരനായി ഇറങ്ങിയ ത്രിലോക്ക് ലോഹര്‍ എറിഞ്ഞ ലോങ് ത്രോ രാജസ്ഥാന് സ്ട്രൈക്കര്‍ യുവരാജ് സിങ് ഹെഡറിലൂടെ ഗോളാക്കി മാറ്റുകയായിരുന്നു.
ഗോൾ വഴങ്ങിയതോടെ ആക്രമിച്ച് കളിച്ച മേഘാലയ 25 ആം മിനിറ്റിൽ ഫലം കണ്ടു. ഫിഗോ സമനില നേടി. വീറോടെ കളിച്ച് 39 മിനിറ്റിൽ ഫിഗോയിലൂടെ മേഘാലയ മുന്നിൽ എത്തി. ഒരു ഗോൾ ലീഡുമായി മേഘാലയ ആദ്യ പകുതി പൂർത്തിയാക്കി.
രണ്ടാം പകുതിയുടെ തുടക്കത്തിൽ ഇമ്രാൻ ഖനിലൂടെ രാജസ്ഥാൻ ഒപ്പമെത്തി. എന്നാൽ 10 മിനിറ്റിനുള്ളിൽ മേഘാലയ വീണ്ടും ലീഡ് ഉയർത്തി. ഇത്തവണ ഹാർഡി നോങ്ബ്രിയാണ് വല ചലിപ്പിച്ചത്. പിന്നീടുള്ള രാജസ്ഥാൻ ശ്രമങ്ങൾ ഫലം കണ്ടില്ല. ഒടുവിൽ ഫൈനൽ വിസിൽ മുഴങ്ങുമ്പോൾ മേഘാലയ 3, രാജസ്ഥാൻ 2.