പാലക്കാട്: പാലക്കാട്ടെ കൊലപാതകത്തിന് തീവ്രവാദ സ്വഭാവമെന്ന് മന്ത്രി കെ.കൃഷ്ണൻ കുട്ടി. പൊലീസിന്റെ ഇടപെടൽ കർശനമാക്കുമെന്ന് സർവകക്ഷി യോഗത്തിന് ശേഷം മന്ത്രി വ്യക്തമാക്കി. എല്ലാവരേയും യോജിപ്പിച്ച് കൊണ്ടുപോകാൻ ശ്രമിക്കുമെന്ന് കെ.കൃഷ്ണൻ കുട്ടി അറിയിച്ചു.
അതിനിടെ, സർവകക്ഷിയോഗം ബഹിഷ്‌കരിട്ട ബിജെപി നടപടിയെ മന്ത്രി കെ,കൃഷ്ണൻകുട്ടി വിമർശിച്ചു. തീരുമാനിച്ച് വന്നാല് അനുനയിപ്പിക്കാൻ കഴിയില്ലെന്നായിരുന്നു ബിജെപിക്ക് നേരെയുള്ള വിമർശനം. സർവകക്ഷിയോഗം ബഹിഷ്‌കരിച്ചത് ഒരു കക്ഷി മാത്രമാണെന്നും മന്ത്രി കെ.കൃഷ്ണൻകുട്ടി പറഞ്ഞു.
പാലക്കാട് കലക്ടറേറ്റിലാണ് വൈകീട്ട് മൂന്നരയോടെ മന്ത്രിയുടെ അധ്യക്ഷതയിൽ യോഗം ആരംഭിച്ചത്. എന്നാൽ, കൊലപാതകവുമായി ബന്ധപ്പെട്ടുള്ള പൊലീസ് നടപടി തൃപ്തികരമല്ലെന്ന് പറഞ്ഞ് ബി.ജെ.പി പ്രതിനിധികൾ ഇറങ്ങിപ്പോകുകയായിരുന്നു. സമാധാനം നിലനിര്‍ത്താന്‍ തങ്ങളുടെ ഭാഗത്തുനിന്ന് സഹകരണമുണ്ടാകുമെന്ന് അവര്‍ യോഗത്തില്‍ അറിയിച്ചുവെന്നും എല്ലാവരേയും ഒരുമിച്ച് കൊണ്ട് പോകാന്‍ ശ്രമിക്കുമെന്നും സമാധാന ശ്രമങ്ങള്‍ തുടരുമെന്നും മന്ത്രി പറഞ്ഞു.
ബിജെപി അവരുടെ നിലപാട് വ്യക്തമാക്കിയ ശേഷം പോലീസിനെ കുറ്റപ്പെടുത്തിയ ശേഷമാണ് ഇറങ്ങിപ്പോയത്. യോഗത്തില്‍ പങ്കെടുത്ത എല്ലാവരും കാര്യങ്ങള്‍ പറഞ്ഞു. അതില്‍ ചില വിമര്‍ശനങ്ങള്‍ ഉള്ളത് ഉള്‍ക്കൊണ്ട് മുന്നോട്ട് പോകും. പോലീസ് ഏകപക്ഷീയമായി പെരുമാറുന്നു എന്നാണ് ബിജെപി അഭിപ്രായപ്പെട്ടത്. വര്‍ഗീയമായ ഒരു ചേരിതിരിവ് ഉണ്ടാകാതിരിക്കാനാണ് എല്ലാവരും ശ്രമിക്കേണ്ടതെന്നും മന്ത്രി പറഞ്ഞു.
കൊലപാതകങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ എന്തൊക്കെ നടപടികളാണോ വേണ്ടത് അതെല്ലാം പോലീസ് സ്വീകരിക്കും. ആരെയും അനുനയിപ്പിക്കാതിരിക്കാന്‍ കഴിയില്ല. പ്രശ്‌നങ്ങള്‍ ഉണ്ടാകാതെ സമാധാനമായ ഒരു അന്തരീക്ഷമാണ് സമൂഹം ആഗ്രഹിക്കുന്നത്. അതിന് എതിരായി നില്‍ക്കുന്നവരെ സമൂഹം ഒറ്റപ്പെടുത്തും. അതുകൊണ്ട് തന്നെ ആരും അനുനയ ശ്രമങ്ങളുമായി സഹകരിക്കാതിരിക്കുമെന്ന് കരുതുന്നില്ലെന്നും മന്ത്രി പറഞ്ഞു.
സർവകക്ഷി യോഗം പ്രഹസനം മാത്രമാണെന്ന് പറഞ്ഞാണ് ബിജെപി സർവകക്ഷിയോഗത്തിൽ നിന്ന് ഇറങ്ങിപ്പോയത്. ബിജെപി പ്രവർത്തകർ കൊല്ലപ്പെട്ടപ്പോൾ യോഗം വിളിച്ച് ചേർത്തിട്ടില്ല. സഞ്ജിത്ത് വധക്കേസിൽ ഗൂഢാലോചന നടത്തിയവരെ ഇതുവരെ പിടികൂടിയിട്ടില്ല. കോടതിയിൽ പ്രതികൾക്ക് അനുകൂലമായ നിലപാടാണ് സർക്കാർ സ്വീകരിച്ചത്. ഈ നിലപാട് മാറ്റാതെ ബിജെപി സമീപനം മാറ്റാനാവില്ലെന്നും നേതാക്കൾ വിശദീകരിച്ചു.
പോപ്പുലർ ഫ്രണ്ട്, ആർഎസ്എസ് അനുഭാവികളുടെ കൊലപാതകത്തെ തുടർന്ന് പാലക്കാട് ജില്ലയിൽ നിരോധനാജ്ഞ തുടരുന്ന സാഹചര്യത്തിലാണ് സർവകക്ഷി യോഗം ചേരാൻ തീരുമാനിച്ചത്.
അതേസമയം, സുബൈർ വധക്കേസിൽ മൂന്നുപേർ കൂടി പിടിയിലായി. ആറുമുഖൻ, ശരവണൻ, രമേശ് എന്നിവരാണ് പിടിയിലായത്. അലിയാറിൽ നിന്ന് കാർ വാടകയ്ക്ക് എടുത്തയാളാണ് പാറ സ്വദേശി രമേശ്. ഇവർ മൂന്നുപേരും പൊലീസിൽ കീഴടങ്ങുകയായിരുന്നു.

















