തിരുവനന്തപുരം: സിപിഐഎം സംസ്ഥാന നേതൃയോഗങ്ങള്‍ ഇന്ന് ആരംഭിക്കും. രാവിലെ 10.30 ന് സംസ്ഥാന സെക്രട്ടറിയേറ്റും നാളെ സംസ്ഥാന സമിതിയുമാണ് യോഗം ചേരുന്നത്. നേതാക്കള്‍ക്കുള്ള സംഘടനാ ചുമതലകള്‍ക്ക് യോഗത്തിൽ തീരുമാനമുണ്ടാകും.
സെക്രട്ടേറിയറ്റിന്റേയും സംസ്ഥാനസമിതിയുടേയും പ്രധാന അജണ്ട തൃക്കാക്കര ഉപതിരഞ്ഞെടുപ്പിനുള്ള മുന്നൊരുക്കങ്ങളാണ്. എങ്കിലും സംഘടന ചുമതലകളുടെ കാര്യത്തിലും തീരുമാനം ഉണ്ടാകുമെന്നാണ് റിപ്പോർട്ട്.
മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറിയായി പി. ശശി എത്തുന്നതായിരിക്കും പ്രധാന മാറ്റം. സംസ്ഥാന സെക്രട്ടേറിയറ്റിലേക്ക് തെരഞ്ഞെടുക്കപ്പെട്ട പുത്തലത്ത് ദിനേശനെ മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പദവിയില്‍ നിന്നു മാറ്റിയേക്കുമെന്നും സൂചനയുണ്ട്. പുത്തലത്ത് ദിനേശന് പാര്‍ട്ടി പ്രസിദ്ധീകരണങ്ങളുടെ ചുമതല ലഭിക്കുമെന്നാണ് വിവരം.
പി.ശശി പിണറായിയുടെയും പൊളിറ്റിക്കല്‍ സെക്രട്ടറി ആകും. പാര്‍ട്ടി നടപടിയെ തുടര്‍ന്ന് പുറത്തായിരുന്ന പി ശശി എറണാകുളത്തു നടന്ന സംസ്ഥാന സമ്മേളനത്തിലാണ് സംസ്ഥാന കമ്മിറ്റിയിലേക്ക് തിരിച്ചെത്തിയത്.
യോഗങ്ങളില്‍ സിഐടിയു, ഡിവൈഎഫ്‌ഐ, എസ്.എഫ്.ഐ അടക്കമുള്ള സംഘടനകളുടെ ചുമതലക്കാരേയും തീരുമാനിക്കും.

















