ദോഹ: പെരുന്നാൾ തിരക്ക് കണക്കിലെടുത്ത് ഞായറാഴ്ച മുതൽ ദോഹ മെട്രോ, ലുസൈൽ ട്രാം സർവിസുകളുടെ സമയം ദീർഘിപ്പിച്ചു.
മേയ് അഞ്ചുവരെ ദിവസവും അർധരാത്രി ഒരു മണിവരെ സർവിസ് നടത്താനാണ് തീരുമാനം. ദോഹ മെട്രോക്കൊപ്പം, ലുസൈൽ ട്രാം, മെട്രോ ലിങ്ക് ബസ് എന്നിവയുടെ സർവിസ് സമയവും ദീർഘിപ്പിച്ചതായി ഖത്തർ റെയിൽവേ അറിയിച്ചു. ശനിയാഴ്ച മുതൽ വ്യാഴാഴ്ചവരെ രാവിലെ ആറു മുതൽ അർധരാത്രി ഒരു മണിവരെ സർവിസ് നടത്തും.
വെള്ളിയാഴ്ചകളിൽ ഉച്ചകഴിഞ്ഞ് രണ്ടു മുതൽ അർധരാത്രി ഒരുമണിവരെയും സർവിസ് തുടരും.
റമദാനും പെരുന്നാൾ ആഘോഷങ്ങളുടെ ഭാഗമായി രാത്രിയാത്രക്കാരുടെ എണ്ണം വർധിക്കുന്ന പശ്ചാത്തലത്തിലാണ് സർവിസ് സമയം ദീർഘിപ്പിക്കുന്നതെന്ന് ഖത്തർ റെയിൽവേ വ്യക്തമാക്കി. ഇതോടെ, ആറു മുതൽ രാത്രി 11 വരെയുള്ള സർവിസുകൾ രണ്ടു മണിക്കൂർ അധികം ഓടുന്നതോടെ ദിവസ യാത്രസമയം 19 മണിക്കൂറായി വർധിക്കും.