മോസ്കോ: ഏഴ് ആഴ്ചത്തെ ഉപരോധത്തിനൊടുവിൽ തുറമുഖ നഗരമായ മരിയുപോൾ പിടിക്കാനൊരുങ്ങി റഷ്യ. മരിയുപോളിലെ ഭീമൻ സ്റ്റീൽ പ്ലാന്റായ അസോവ്സ്റ്റലിലെ ഭൂഗർഭപാതക്കുള്ളിൽ നിലയുറപ്പിച്ച 2500 യുക്രെയ്ൻ സൈനികർ മാത്രമാണ് തങ്ങളെ പ്രതിരോധിക്കാൻ അവശേഷിക്കുന്നതെന്നാണ് റഷ്യയുടെ കണക്കുകൂട്ടൽ. അസോവ്സ്റ്റൽ സ്റ്റീൽ ഫാക്ടറിക്കുള്ളിലുള്ള സൈനികർ കീഴടങ്ങണമെന്ന് ഞായറാഴ്ച രാവിലെ റഷ്യ അന്ത്യശാസനം നൽകി. ആയുധം താഴെവെക്കുന്നവരുടെ ജീവൻ സുരക്ഷിതമായിരിക്കുമെന്ന് അവർ ഉറപ്പു നൽകി. പ്രതിരോധം തുടർന്നാൽ തകർത്തുകളയുമെന്ന് റഷ്യൻ പ്രതിരോധ മന്ത്രാലയ വക്താവ് മേജർ ജനറൽ ഇഗോർ കൊനഷെങ്കോവ് പറഞ്ഞു.
മരിയുപോൾ പിടിക്കുകയെന്നത് റഷ്യക്ക് ഏറെ പ്രധാനമാണ്. 2014ൽ അവർ പിടിച്ച ക്രിമിയയിലേക്ക് ഇതുവഴി കരമാർഗമുള്ള ‘ഇടനാഴി’ ഒരുക്കാനാകും. മാത്രമല്ല, മരിയുപോൾ വീണാൽ ഇവിടെയുള്ള സൈനികരെ വലിയ തോതിൽ പിൻവലിച്ച് കിഴക്കൻ യുക്രെയ്നിലെ വ്യവസായ പ്രദേശമായ ഡോൺബസിനെ ആക്രമിക്കാനുമാവും.
അസോവ്സ്റ്റൽ സ്റ്റീൽ ഫാക്ടറിയോട് ചേർന്ന 11 സ്ക്വയർ കിലോമീറ്റർ പ്രദേശത്ത് ഇപ്പോഴും ശക്തമായ യുക്രെയ്ൻ ആധിപത്യമുണ്ട്. ഇവിടെ റഷ്യ കടുത്ത ആക്രമണം തുടരുകയാണ്. ഇവിടെയുള്ള എല്ലാവരെയും ഇല്ലാതാക്കാനാണ് റഷ്യൻ ശ്രമമെന്ന് യുക്രെയ്ൻ പ്രസിഡന്റ് വൊളോദിമിർ സെലൻസ്കി പറഞ്ഞു. അസോവ് കടലിലെ തുറമുഖ നഗരം സംരക്ഷിക്കാൻ പടിഞ്ഞാറൻ രാഷ്ട്രങ്ങൾ യുക്രെയ്ന് കൂടുതൽ ആയുധങ്ങൾ നൽകണം. ഇപ്പോഴത്തെ റഷ്യൻ ആക്രമണം യുദ്ധം അവസാനിപ്പിക്കാനുള്ള ചർച്ചകളുടെ സാധ്യതതന്നെ അട്ടിമറിക്കും -സെലൻസ്കി തുടർന്നു.
















