ദുബൈ: അനന്തരാവകാശവുമായി ബന്ധപ്പെട്ട കേസുകൾ കേൾക്കുന്നതിനും പരിഹാരം കാണുന്നതിനും ദുബൈയിൽ പുതിയ കോടതി പ്രവർത്തനമാരംഭിക്കുന്നു. നിയമസംവിധാനം കൂടുതൽ കാര്യക്ഷമമാക്കുന്നത് ലക്ഷ്യംവെച്ച് യു.എ.ഇ ഡെപ്യൂട്ടി പ്രധാനമന്ത്രിയും ധനകാര്യമന്ത്രിയും ദുബൈ ഉപ ഭരണാധികാരിയുമായ ശൈഖ് മക്തൂം ബിൻ മുഹമ്മദാണ് തീരുമാനം പ്രഖ്യാപിച്ചത്. കോടതി വ്യവഹാരങ്ങളുടെ സമയം ലാഭിക്കുകയും നിയമനടപടികൾ എളുപ്പമാക്കുകയും കുടുംബബന്ധങ്ങൾ സംരക്ഷിക്കാൻ സഹായിക്കുകയും ചെയ്യലാണ് കോടതി രൂപീകരണത്തിലൂടെ ലക്ഷ്യമാക്കുന്നത്.
അഞ്ചുലക്ഷം ദിർഹത്തിൽ കൂടുതലുള്ള അനന്തരാവകാശവുമായി ബന്ധപ്പെട്ട കേസുകൾ മാത്രമാണ് ഈ കോടതി പരിഗണിക്കുക. കേസ് രജിസ്റ്റർ ചെയ്ത് 30ദിവസത്തിനകം വാദം ആരംഭിക്കണമെന്നും ഒരു വർഷത്തിനകം വിധി പറയണമെന്നും നിർദേശിച്ചിട്ടുണ്ട്. കോടതി പുറപ്പെടുവിക്കുന്ന വിധികൾ അന്തിമമായിരിക്കും.
എന്നാൽ ഹരജി സമർപ്പിച്ച് വിധിയിൽ അപ്പീൽ നൽകാൻ സാധിക്കുമെന്നും അധികൃതർ വ്യക്തമാക്കി. അനന്തരവകാശവുമായി ബന്ധപ്പെട്ട് തൊഴിൽ, സിവിൽ, വാണിജ്യ, സ്വത്ത് കേസുകളെല്ലാം ഈ കോടതിക്ക് പരിഗണിക്കാനാവും. കേസിൻറെ വ്യവഹാര കാലയളവ് ചില പ്രത്യേക സാഹചര്യങ്ങളിലും കോടതി മേധാവിയുടെ അംഗീകാരത്തോടെയും മാത്രമേ നീട്ടാൻ കഴിയൂ. പുതിയ കോടതിയിൽ കേസുകൾ കൈകാര്യം ചെയ്യുന്നതിനായി സെഷൻസ്, അപ്പീൽ, ഫസ്റ്റ് ഇൻസ്റ്റൻസ് എന്നീ കോടതികളിൽ നിന്നുള്ള ജഡ്ജിമാരുടെ ഒരു പാനലാണ് രൂപീകരിക്കുകയെന്ന് ദുബൈ മീഡിയ ഓഫീസ് വ്യക്തമാക്കി.