ന്യൂഡല്‍ഹി: ജഹാന്‍ഗീര്‍പുരി സംഘര്‍ഷം ഡല്‍ഹി പോലിസിന്റെ അന്വേഷണ വിഭാഗമായ ക്രൈംബ്രാഞ്ച് ഏറ്റെടുക്കുന്നു. ജില്ലാ പോലിസിന്റെ സഹായത്തോടെയായിരിക്കും അന്വേഷണമെന്ന് പോലിസ് സൂപ്രണ്ട് രവീന്ദ്ര യാദവ് പറഞ്ഞു.
20 പേരെ ഇതുവരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. പിടിയിലായവരിൽ നിന്ന് മൂന്ന് നാടൻ പിസ്റ്റളുകളും അഞ്ച് വാളുകളും പിടിച്ചെടുത്തതായി പൊലീസ് അറിയിച്ചു. പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കിയിരുന്നു. ഡൽഹി പൊലീസ് സബ് ഇൻസ്‌പെക്ടർ മെദലാൽ മീണയ്ക്ക് നേരെ വെടിയുതിർത്ത അസ്ലമും അറസ്റ്റിലായവരിൽ ഉൾപ്പെടുന്നു. ഇയാളുടെ പക്കൽ നിന്ന് ഒരു നാടൻ പിസ്റ്റൾ കണ്ടെടുത്തു. ഇന്നലെ വൈകിട്ട് നടന്ന അക്രമത്തിൽ എട്ട് പൊലീസുകാർക്കും ഒരു സാധാരണക്കാരനും പരുക്കേറ്റിരുന്നു.
സംഘർഷത്തിൻ്റെ പശ്ചാത്തലത്തിൽ ഡൽഹിയിൽ അതീവ ജാഗ്രത തുടരുകയാണ്. ജഹാംഗീർപൂരിയിൽ സ്ഥിതി നിയന്ത്രണ വിധേയമാണെന്ന് പൊലീസ് അറിയിച്ചു. ഡൽഹി പൊലീസിനെ കൂടാതെ കേന്ദ്രസേനയേയും വിന്യസിച്ചിട്ടുണ്ട്. വടക്ക് പടിഞ്ഞാറാൻ ഡിസിപിയുടെ നേതൃത്വത്തിൽ കൂടിയ സമാധാന യോഗത്തിൽ ഇരുവിഭാഗങ്ങളും സമാധാനം പാലിക്കണമെന്നും നിഷ്പക്ഷ അന്വേഷണം നടത്തുമെന്നും പൊലീസ് അറിയിച്ചു.
സിസിടിവി ദൃശ്യങ്ങളും സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിക്കുന്ന ദൃശ്യങ്ങളും പരിശോധിച്ച് കൂടുതല്‍ പ്രതികള്‍ക്കായി അന്വേഷണം നടത്തിവരികയാണെന്ന് പൊലീസ് അറിയിച്ചു. സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ ഡൽഹിയിലെ മറ്റ് ഇടങ്ങളിൽ നടത്താനിരുന്ന ശോഭായാത്രകൾക്ക് പൊലീസ് അനുമതി നിഷേധിച്ചു. ഡൽഹിക്ക് പുറമേ യുപിയിലും ഹരിയാനയിലും പൊലീസ് കനത്ത ജാഗ്രതയിലാണ്.
















