ദോഹ: നവംബർ, ഡിസംബർ മാസങ്ങളിലായി നടക്കുന്ന ഫിഫ ലോകകപ്പിന് പിന്തുണ നൽകി ഐക്യരാഷ്ട്ര സഭ ജനറൽ അസംബ്ലി അവതരിപ്പിച്ച പ്രമേയം ഫിഫ സ്വാഗതം ചെയ്തു. സമാധാനവും പുരോഗതിയും മനുഷ്യാവകാശങ്ങളും ലിംഗസമത്വവും ഉയർത്തിപ്പിടിക്കുന്നതിൽ കായികമേഖലക്ക് വലിയ പങ്കുവഹിക്കാൻ സാധിക്കുമെന്നും മിഡിലീസ്റ്റിൽ ആദ്യമായി എത്തുന്ന ലോകകപ്പ് ഫുട്ബാൾ ടൂർണമെൻറിലൂടെ മേഖലയിൽ വളർച്ചയും സമാധാനവും കൊണ്ടുവരുമെന്ന് ബന്ധപ്പെട്ട അതോറിറ്റികൾ ഉറപ്പാക്കണമെന്നും പൊതുസഭ അവതരിപ്പിച്ച പ്രമേയത്തിൽ വ്യക്തമാക്കിയിരുന്നു. ഏപ്രിൽ എട്ടിന് ചേർന്ന ഐക്യരാഷ്ട്രസഭ ജനറൽ അസംബ്ലിയുടെ 76ാം സെഷനിലാണ് പ്രമേയം അവതരിപ്പിച്ചത്.
വികസനം, പുരോഗതി, സമാധാനം, നേതൃത്വം എന്നിവ ഉറപ്പാക്കുന്നതിന് വേണ്ടിയുള്ള ഫിഫ പ്രസിഡൻറ് ജിയാനി ഇൻഫാൻറിനോയുടെ അഭ്യർഥനക്ക് പിന്നാലെയാണ് ജനറൽ അസംബ്ലി പൊതുസമ്മതത്തോടെയുള്ള പ്രമേയം. ശക്തിയുള്ള രാജ്യങ്ങളോട്, രാഷ്ട്രീയരംഗത്ത് സ്വാധീനമുള്ള രാജ്യങ്ങളോട് യുദ്ധങ്ങളും സംഘർഷങ്ങളും അവസാനിപ്പിക്കണമെന്നാണ് അഭ്യർഥിക്കാനുള്ളത് എന്നായിരുന്നു ഇൻഫാൻറിനോയുടെ വാക്കുകൾ.
ദോഹയിൽ 211 അംഗ അസോസിയേഷനുകൾ പങ്കെടുത്ത ഫിഫ 72ാമത് കോൺഗ്രസിനിടെയാണ് ഇൻഫാൻറിനോ ഇക്കാര്യം വ്യക്തമാക്കിയത്.