കുവൈത്ത് സിറ്റി: കുവൈത്തിൽ പൊലീസ് ഉദ്യോഗസ്ഥർക്ക് പെപ്പർ സ്പ്രേ ഉപയോഗിക്കാൻ അനുമതി. ആഭ്യന്തര മന്ത്രാലയത്തിലെ പബ്ലിക് സെക്യൂരിറ്റി സെക്ടർ അസിസ്റ്റന്റ് അണ്ടർ സെക്രട്ടറി മേജർ ജനറൽ ഫറാജ് അൽ സൗബിയാണ് ഇത് സംബന്ധിച്ച ഉത്തരവ് നൽകിയതെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
ഇനി മുതൽ സ്വയരക്ഷക്കായോ അല്ലെങ്കിൽ മറ്റൊരാൾ ആക്രമിക്കപ്പെടുമ്പോൾ അവർക്ക് സംരക്ഷണം നൽകാനോ വേണ്ടി പൊലീസ് ഉദ്യോഗസ്ഥർക്ക് കുവൈത്തിൽ പെപ്പർ സ്പ്രേ പ്രയോഗിക്കാനാവും. രാജ്യത്തെ നിയമ വ്യവസ്ഥ ശക്തിപ്പെടുത്താനും ക്രമസമാധാന നില ഭദ്രമാക്കാനുമാണ് ഇത്തരമൊരു നടപടി സ്വീകരിക്കുന്നത്. രാജ്യത്തെ പൊലീസ് നിയമം ഉൾപ്പെടെയുള്ള വിവിധ നിയമങ്ങൾക്ക് അനുസൃതമായാണ് തീരുമാനമെടുത്തതെന്നും ആഭ്യന്തര മന്ത്രാലയം അറിയിച്ചു. കുവൈത്തിൽ പൊലീസ് ഉദ്യോഗസ്ഥർക്ക് മർദനമേൽക്കുന്ന നിരവധി സംഭവങ്ങൾ അടുത്തിടെ റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു.