മുംബൈ: ഐപിഎല്ലില്‍ പഞ്ചാബ് കിങ്സിനെതിരേ സണ്‍റൈസേഴ്സ് ഹൈദരാബാദിന് 7 വിക്കറ്റ് ജയം. പഞ്ചാബ് ഉയര്‍ത്തിയ 152 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഹൈദരാബാദ് 18.5 ഓവറില്‍ 3 വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ലക്ഷ്യത്തിലെത്തി.
നാലാം വിക്കറ്റില്‍ ഒന്നിച്ച ഏയ്ഡന്‍ മാര്‍ക്രം – നിക്കോളാസ് പുരന് സഖ്യമാണ് ഹൈദരാബാദിന് ജയമൊരുക്കിയത്. ഇരുവരും ചേര്‍ന്ന് 75 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കി. 27 പന്തില്‍ നിന്ന് ഒരു സിക്സും നാല് ഫോറുമടക്കം 41 റണ്‍സോടെ പുറത്താകാതെ നിന്ന മാര്‍ക്രമാണ് ഹൈദരാബാദിന്റെ ടോപ് സ്കോറര്‍. പുരന് 30 പന്തില്‍ നിന്ന് 35 റണ്‍സെടുത്തു.
അഭിഷേക് ശർമ 31 റൺസും രാഹുൽ ത്രിപാടി 34 റൺസുമെടുത്തു.
നേരത്തെ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ പഞ്ചാബ് 151 റണ്‍സിന് ഓള്‍ഔട്ടാകുകയായിരുന്നു. ഹൈദരാബാദ് ബൗളര്‍മാര്‍ തകര്‍പ്പന്‍ പ്രകടനം പുറത്തെടുത്ത മത്സരത്തില്‍ അര്‍ധ സെഞ്ചുറി നേടിയ ലിയാം ലിവിങ്സ്റ്റണ് മാത്രമാണ് പഞ്ചാബ് നിരയില്‍ പിടിച്ചുനിന്നത്.
പരിക്കേറ്റ മായങ്ക് അഗര്‍വാളിന് പകരം ടീമിനെ നയിച്ച ശിഖര്‍ ധവാന് (8), പ്രഭ്സിമ്രാന് സിങ് (14), ജോണി ബെയര്‍സ്റ്റോ (12), ജിതേഷ് ശര്‍മ (11) എന്നിവരെല്ലാം നിരാശപ്പെടുത്തിയപ്പോള്‍ പഞ്ചാബിനായി ശബ്ദിക്കാന്‍ ലിവിങ്സ്റ്റണിന്റെ ബാറ്റ് മാത്രമേ ഉണ്ടായിരുന്നുള്ളൂ. 33 പന്തുകള്‍ നേരിട്ട ലിവിങ്സ്റ്റണ് നാലു സിക്സും അഞ്ചു ഫോറുമടക്കം 60 റണ്‍സെടുത്ത് 19-ാം ഓവറിലാണ് പുറത്തായത്.
28 പന്തില്‍ നിന്ന് രണ്ട് സിക്സും ഒരു ഫോറുമടക്കം 26 റണ്‍സെടുത്ത ഷാരൂഖ് ഖാന് മാത്രമാണ് ലിവിങ്സ്റ്റണ് അല്പമെങ്കിലും പിന്തുണ കൊടുത്തത്. ഇരുവരും അഞ്ചാം വിക്കറ്റില്‍ കൂട്ടിച്ചേര്‍ത്ത 71 റണ്‍സാണ് പഞ്ചാബിനെ 100 കടത്തിയത്.
ഒഡിയന്‍ സ്മിത്ത് (13), രാഹുല്‍ ചാഹര്‍ (0), വൈഭവ് അറോറ (0), അര്‍ഷ്ദീപ് സിങ് (0) എന്നിവരാണ് പുറത്തായ മറ്റ് താരങ്ങള്‍.
ഹൈദരാബാദിനായി പേസര്‍ ഉമ്രാന് മാലിക്ക് നാലും ഭുവനേശ്വര്‍ കുമാര്‍ മൂന്ന് വിക്കറ്റും വീഴ്ത്തി. ടി നടരാജന്, ജഗദീഷ സുജിത് എന്നിവര്‍ക്ക് ഒരോ വിക്കറ്റുണ്ട്.