തിരുവനന്തപുരം: പാലക്കാട് നടന്ന കൊലപാതകങ്ങളുടെ പ്രത്യാഘാതം മറ്റ് നാടുകളിലേക്ക് പടരാതിരിക്കാൻ പൊലീസ് അടക്കമുള്ള സംവിധാനങ്ങൾ ശ്രദ്ധിക്കണമെന്ന് പാളയം ഇമാം വിപി സുഹൈബ് മൗലവി പറഞ്ഞു.
രാഷ്ട്രീയ കൊലപാതകങ്ങള്‍ക്ക് അന്ത്യമുണ്ടാകണമെന്നും ആയുധങ്ങൾ കൊണ്ടല്ല, ആശയങ്ങൾ കൊണ്ടാണ് പരസ്പരം സംവദിക്കേണ്ടതെന്നും അദ്ദേഹം നിർദേശിച്ചു. അക്രമം ആരുചെയ്താലും തെറ്റാണെന്നും അദ്ദേഹം ചൂണ്ടികാട്ടി.
കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി രണ്ട് കൊലപാതകങ്ങളാണ് പാലക്കാട് നടന്നത്. 15-ന് ഉച്ചയോടെയായിരുന്നു സുബൈർ എന്ന യുവാവിന്റെ കൊലപാതകം. പാലക്കാട് കസബ പൊലീസ് സ്റ്റേഷൻ പരിധിയിൽ തന്നെയായിരുന്നു അക്രമം.
ഇതിനു പിന്നാലെ ഇന്നലെ ഉച്ചയോടെയായിരുന്നു ആർഎസ്എസ് മുൻ ശാരീരിക് ശിക്ഷൺ പ്രമുഖ് ശ്രീനിവാസന് വെട്ടേറ്റ് കൊല്ലപ്പെട്ടത്. പാലക്കാട് മേലാമുറിയിൽ വച്ചായിരുന്നു സംഭവം. തുടർന്ന് ഉടൻ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

















