പാലക്കാട്: ക്രമസമാധാനച്ചുമതലയുള്ള എ.ഡി.ജി.പി വിജയ് സാഖറെ പാലക്കാട്ടെത്തും. ജില്ലയിലെ പാലക്കാട്ടെ ഇരട്ടക്കൊലപാതകത്തിന്റെ പശ്ചാത്തലത്തിലാണിത്.
പാലക്കാട് എസ് പി ഓഫീസിൽ ഉത്തരമേഖലാ ഐ.ജിയുടെ നേതൃത്വത്തിൽ ഉന്നതതല യോഗം ചേരുകയാണ്. ഐ.ജി അശോക് യാദവ്, എസ്.പി ആർ. വിശ്വനാഥ്, വിവിധ ഡിവൈ.എസ്.പിമാർ തുടങ്ങിയവരാണ് യോഗത്തിൽ പങ്കെടുക്കുന്നത്. പ്രദേശത്ത് കൂടുതൽ പൊലീസുകാരെ ജില്ലയിൽ വിന്യസിച്ചിട്ടുണ്ട്.
പാലക്കാട് എലപ്പുള്ളിയിൽ എസ്ഡിപിഐ പ്രവർത്തകൻ കൊല്ലപ്പെട്ട് 24 മണിക്കൂർ തികയും മുൻപാണ് നാടിനെ നടുക്കി വീണ്ടും അരുംകൊല നടന്നത്. എസ്ഡിപിഐ പ്രവർത്തകന്റെയും ആർഎസ്എസ് പ്രവർത്തകന്റെയും തുടർ കൊലപാതകങ്ങളുടെ പശ്ചാത്തലത്തിൽ പാലക്കാട് ജില്ലയിൽ ഈ മാസം 20 വരെ നിരോധനാജ്ഞ പ്രഖ്യാപിച്ചു. പാലക്കാട്ടെ ആർഎസ്എസ് പ്രവർത്തകന്റെ കൊലപാതകത്തിൽ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു.

















