മുംബൈ: ഐപിഎൽ ട്വന്റി-20 ക്രിക്കറ്റിൽ ഡൽഹി ക്യാപിറ്റൽസിനെതിരെ റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവിന് ജയം. 16 റണ്‍സിനായിരുന്നു ബംഗളൂരുവിന്റെ ജയം. ബാംഗ്ലൂര്‍ ഉയര്‍ത്തിയ 190 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഡല്‍ഹിക്ക് 20 ഓവറില്‍ ഏഴു വിക്കറ്റ് നഷ്ടത്തില്‍ 173 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ.
38 പന്തില്‍ നിന്ന് അഞ്ചു സിക്സും നാല് ഫോറുമടക്കം 66 റണ്‍സെടുത്ത ഓപ്പണര്‍ ഡേവിഡ് വാര്‍ണറാണ് ഡല്‍ഹിയുടെ ടോപ് സ്കോറര്‍.
ഡൽഹിക്കായി മികച്ച തുടക്കമാണ് ഓപ്പണറുമാരായ പൃഥ്വി ഷായും ഡേവിഡ് വാർണറും ഒരുക്കിയത്. ഇരുവരും ചേർന്ന് 50 റണ്‍സിന്റെ കൂട്ടുകെട്ട് പടുത്തുയർത്തു. 13 പന്തിൽ 16 റണ്‍സെടുത്ത പൃഥ്വി ഷായുടെ വിക്കറ്റാണ് ഡൽഹിക്ക് ആദ്യം നഷ്ടമായത്.
മിച്ചൽ മാർഷ് (14), ഋഷഭ് പന്ത് (34), റോവ്മാൻ പവൽ (0), ലളിത് യാദവ് (1) തുടങ്ങി ആർക്കും ഡൽഹിയെ കരകയറ്റാൻ സാധിച്ചില്ല.
ആര്‍സിബിക്കായി ഹെയ്സല്‍വുഡ് മൂന്നും സിറാജ് രണ്ടും വിക്കറ്റുകള്‍ വീഴ്ത്തി.
നേരത്തെ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ ബാംഗ്ലൂര്‍ 20 ഓവറില്‍ അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ 189 റണ്‍സെടുത്തിരുന്നു. വെടിക്കെട്ട് ബാറ്റിങ് പുറത്തെടുത്ത ദിനേഷ് കാര്‍ത്തിക്കാണ് ബാംഗ്ലൂരിനെ 189 റണ്‍സിലെത്തിച്ചത്. 34 പന്തുകള്‍ നേരിട്ട കാര്‍ത്തിക്ക് അഞ്ച് വീതം സിക്സും ഫോറുമടക്കം 66 റണ്‍സോടെ പുറത്താകാതെ നിന്നു. ആറാം വിക്കറ്റില്‍ ഷഹബാസ് അഹമ്മദിനെ കൂട്ടുപിടിച്ച് കാര്‍ത്തിക്ക് 97 റണ്‍സാണ് ബാംഗ്ലൂര്‍ സ്കോറിലേക്ക് ചേര്‍ത്തത്. 21 പന്തുകള്‍ നേരിട്ട ഷഹബാസ് 32 റണ്‍സോടെ പുറത്താകാതെ നിന്നു.
ഡൽഹിക്ക് വേണ്ടി ശാർദുൽ താക്കൂർ, ഖലീൽ അഹമ്മദ്, അക്സർ പട്ടേൽ, കുൽദീപ് യാദവ് എന്നിവർ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.
ജയത്തോടെ ബംഗളൂരു എട്ട് പോയിന്റുമായി പട്ടികയിൽ മൂന്നാം സ്ഥാനത്തെത്തി. നാല് പോയിന്റുള്ള ഡൽഹി എട്ടാം സ്ഥാനത്താണ്.